ജീപ്പിന് മുകളില്‍ തോട്ടി കെട്ടിവെച്ച് പോയി; എഐ ക്യാമറ വഴി കെഎസ്ഇബിക്ക് കിട്ടിയത് 25,000 ത്തിന്‍റെ പണി

Jaihind Webdesk
Wednesday, June 21, 2023

 

വയനാട്: ജീപ്പിനു മുകളിൽ മുളയുടെ തോട്ടി കെട്ടിവെച്ചു പോയ കെഎസ്ഇബി ജീവനക്കാർക്ക് എഐ ക്യാമറയുടെ വക പണി കിട്ടി. വയനാട് അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി വാടകയ്ക്കെടുത്ത ജീപ്പിനുമുകളിൽ തോട്ടി കെട്ടിവെച്ചു പോകുന്ന ചിത്രം മോട്ടോർ വാഹന വകുപ്പിന്‍റെ എഐ കാമറയിൽ പതിഞ്ഞതോടെയാണ് കെഎസ്ഇബിയും കുരുക്കിലായത്.

ജീപ്പിനുമുകളിൽ കെട്ടിവെച്ച തോട്ടി പുറത്തേക്ക് തള്ളിനിന്നതാണ് വിനയായത്. ഇതിന് പിഴയായി 20,000 രൂപയും സീറ്റ് ബെൽറ്റിടാത്തതിന് 500 രൂപയുമടക്കം 20,500 രൂപ പിഴയൊടുക്കണമെന്ന് കാണിച്ച് മോട്ടോർവാഹന വകുപ്പ് അയച്ച നോട്ടീസ് ഇക്കഴിഞ്ഞ 17ന് വാഹന ഉടമയ്ക്ക് ലഭിച്ചു. കെഎസ്ഇബി കരാർ വാഹനമായതിനാൽ ബോർഡ് തന്നെ പിഴ അടക്കേണ്ടിവരും. കെഎസ്ഇബി ഉന്നതരെയും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റിനെയും വിവരം ധരിപ്പിച്ചിട്ടുണ്ടെന്ന് അമ്പലവയൽ കെഎസ്ഇബി അസിസ്റ്റന്‍റ് എന്‍ജിനീയർ എ.ഇ സുരേഷ് പറഞ്ഞു.