അഹമ്മദാബാദ് വിമാനാപകടത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ ഭാഗികമായി പുനഃസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 2025 ഒക്ടോബര്‍ ഒന്ന് മുതല്‍ വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും എയര്‍ ഇന്ത്യ ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
260 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പുറത്തുവിട്ടതിന് പിന്നാലെയാണ് തീരുമാനം. വിമാനത്തിന്റെ എഞ്ചിനിലേക്ക് ഇന്ധനമെത്തിക്കുന്ന സ്വിച്ചുകള്‍ ഓഫ് ആയതാണ് അപകട കാരണെമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഓഗസ്റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ, എയര്‍ ഇന്ത്യ അഹമ്മദാബാദിനും ലണ്ടന്‍ ഹീത്രോ വിമാനത്താവളത്തിനുമിയില്‍ ആഴ്ചയില്‍ മൂന്ന് തവണ സര്‍വീസ് നടത്തും. നേരത്തെ അഹമ്മദാബാദിനും ലണ്ടനും (ഗാറ്റ്വിക്ക്) ഇടയില്‍ ആഴ്ചയില്‍ അഞ്ച് തവണയാണ് സര്‍വീസ് നടത്തിയിരുന്നത്. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍, ജൂലൈ പകുതി വരെ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ 15 ശതമാനം കുറച്ചിരുന്നു.