അഹമ്മദാബാദ് വിമാനാപകടത്തിന് കാരണമായത് വിമാനത്തിന്റെ വൈദ്യുതി വിതരണത്തില്‍ ഉണ്ടായ തകരാറെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വൈദ്യുതി തകരാറിനെ തുടര്‍ന്നുള്ള തീപിടുത്തത്തിലാണ് പിന്‍ഭാഗത്തെ ചില യന്ത്രങ്ങള്‍ കത്തിയതെന്ന് സംശയമുണ്ട്. ലണ്ടനിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് എയര്‍ക്രാഫ്റ്റ് എഞ്ചിനിയര്‍ അറ്റകുറ്റ പണികള്‍ നടത്തിയതിന് തെളിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ച് നിന്ന പിന്‍ഭാഗത്തെ ചില യന്ത്ര ഭാഗങ്ങളില്‍ മാത്രമാണ് തീപിടുത്തം കണ്ടെത്താനായത്. പിന്‍ഭാഗത്തെ ബ്ലാക്ക് ബോക്‌സ് പൂര്‍ണ്ണമായും കത്തിയമര്‍ന്നിരുന്നു. പിന്നില്‍ നിന്ന് കണ്ടെടുത്ത എയര്‍ഹോസ്റ്റസിന്റ മൃതദേഹം കത്തിക്കരിഞ്ഞിരുന്നില്ല. വേഗത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 12 ന് നടന്ന വിമാനാപകടം അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ബോയിംഗ് ഡ്രീംലൈനര്‍ അവശിഷ്ടങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണ്.