അഹമ്മദാബാദ് വിമാന ദുരന്തത്തന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് 15 പേജുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചതാണ് അപകടകാരണം. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും നിലച്ചുവെന്നും ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ടേക്ക് ഓഫ് നിയന്ത്രിച്ചത് സഹപൈലറ്റാണ്. കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ പൈലറ്റുമാരില്‍ ഒരാള്‍ മറ്റേയാളോട് എന്തിനാണ് ഈ സ്വിച്ച ഓഫ് ചെയ്തതെന്ന് ചോദിക്കുന്നുണ്ട്. അതിന് താനല്ല അങ്ങനെ ചെയ്തതെന്ന് രണ്ടാമത്തെ പൈലറ്റ് മറുപടി നല്‍കി. എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയില്‍ കണ്ടതിന് പിന്നാലെ ഇത് ഓണ്‍ ചെയ്തിരുന്നു. ഒരു എഞ്ചിന്‍ ഭാഗികമായി പ്രവര്‍ത്തനക്ഷമമായെങ്കിലും രണ്ടാമത്തെ എഞ്ചിന്‍ പ്രവര്‍ത്തിച്ചില്ല. സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ വിമാനം തകര്‍ന്നുവീഴുകയും ചെയ്തു. ഈ സ്വിച്ച് ആരെങ്കിലും ഓഫ് ചെയ്തതാകാമെന്നാണ് സംശയം. ഇവ യാന്ത്രികമായി പ്രവര്‍ത്തിക്കുന്നതല്ല. പൈലറ്റുമാരില്‍ ഒരാള്‍ സ്വിച്ച് ഓഫ് ചെയ്‌തോയെന്നാണ് ഉയരുന്ന സംശയം.
അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് ഒരുമാസമാകുന്ന ദിവസമാണ് ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞദിവസമാണ് റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന് അന്വേഷണ സംഘം സമര്‍പ്പിച്ചത്. അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. വിമാനത്തിന്റെ പിന്‍ഭാഗത്തെ എക്‌സ്റ്റെന്‍ഡഡ് എയര്‍ഫ്രെയിം ഫ്‌ലൈറ്റ് റെക്കോര്‍ഡറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പരമ്പരാഗത രീതികള്‍ ഉപയോഗിച്ച് കണ്ടത്താന്‍ കഴിയില്ലെന്നും എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അറിയിച്ചു.
ജൂണ്‍ 12 ന് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പോയ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പെട്ടത്. അപകട സമയത്ത് വിമാനത്തില്‍ 230 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇവരില്‍ 15 പേര്‍ ബിസിനസ് ക്ലാസിലും 215 പേര്‍ ഇക്കോണമി ക്ലാസിലുമായിരുന്നു.