അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങള്‍ മാറി നല്‍കിയതായി പരാതി. മൃതദേഹം മാറിയതിനാല്‍ ഒരു കുടുംബം സംസ്‌ക്കാര ചടങ്ങ് മാറ്റി വച്ചതായാണ് വിവരം. ഒരു കുടുംബത്തിന് കൈമാറിയ ശവപ്പെട്ടിക്കുള്ളില്‍ വ്യത്യസ്ത മൃതദേഹഭാഗങ്ങളെന്നും പരാതി ഉയരുന്നുണ്ട്.
ലണ്ടനിലെത്തിയ മൃതദേഹങ്ങളില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് ഈ പിഴവ് കണ്ടെത്തിയതെന്ന് കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ ജെയിംസ് ഹീലി-പ്രാറ്റ് അറിയിച്ചു. അതേസമയം, അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത് വളരെ പ്രയാസകരമായ ജോലിയായിരുന്നുവെന്ന് ഗുജറാത്തിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്‌സിറ്റി അറിയിച്ചിരുന്നു. പല മൃതദേഹങ്ങളും പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ഡിഎന്‍എ വേര്‍തിരിച്ചെടുക്കാനും തിരിച്ചറിയാനും കൂടുതല്‍ സമയമെടുത്തുവെന്നും അവര്‍ വ്യക്തമാക്കി.
ഈ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ബ്രിട്ടീഷ് അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും, മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ എല്ലാ പ്രോട്ടോക്കോളുകളും സാങ്കേതിക ആവശ്യകതകളും പാലിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍, മൃതദേഹങ്ങള്‍ കൈമാറിയതില്‍ എയര്‍ ഇന്ത്യയ്ക്ക് നേരിട്ട് പങ്കില്ലെന്നും, അഹമ്മദാബാദിലെ സര്‍ക്കാര്‍ സിവില്‍ ആശുപത്രിയിലാണ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.