കോൺഗ്രസിന് നഷ്ടമായത് പകരംവയ്ക്കാനില്ലാത്ത നേതാവിനെ: കെ സി വേണുഗോപാൽ എം പി

Jaihind News Bureau
Wednesday, November 25, 2020

Ahmed-Patel

 

ന്യൂഡല്‍ഹി : കോൺഗ്രസ് പ്രസ്ഥാനത്തിന് പകരംവയ്ക്കാനില്ലാത്ത നഷ്ടമാണ് അഹമ്മദ് പട്ടേലിന്‍റെ നിര്യാണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി . മരണം വരെ കോൺഗ്രസിന്‍റെ ആശയങ്ങളിൽ അടിയുറച്ചു നിന്ന പോരാളിയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളിൽ ഒരു പ്രതിസന്ധിയിലും തളരാതെ ശത്രുക്കളെ പൊരുതി തോല്‍പിച്ചുകൊണ്ടാണ് കോൺഗ്രസ് പ്രസ്ഥാനത്തെ അദ്ദേഹം എക്കാലവും മുന്നോട്ടു നയിച്ചത്.

ഇന്ദിരാഗാന്ധിയുടെ കാലം മുതൽ ഗാന്ധികുടുംബത്തിനൊപ്പം നിന്ന് പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവിനെയാണ് നഷ്ടമായത്. എക്കാലവും പ്രസ്ഥാനത്തോട് അങ്ങേയറ്റത്തെ കൂറും വിശ്വാസ്യതയും അദ്ദേഹം പുലർത്തി. ബിജെപി ഉൾപ്പെടെയുള്ള എതിരാളികളോട് സന്ധിയില്ലാതെ യുദ്ധം ചെയ്തപ്പോഴും രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധം എല്ലാ പാർട്ടികളിലുമുള്ള നേതാക്കളുമായി അദ്ദേഹം കാത്തു സൂക്ഷിച്ചു.

മികച്ച പാർലമെന്‍റേറിയന്‍ കൂടിയായിരുന്ന അഹമ്മദ് പട്ടേലിന്റെ നിര്യാണം രാജ്യത്തെ കോൺഗ്രസ് പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തോടുള്ള ആദര സൂചകമായി രാജ്യവ്യാപകമായി വരുന്ന മൂന്നു ദിവസങ്ങളിൽ കോൺഗ്രസ് പാർട്ടി പതാക പകുതി താഴ്ത്തികെട്ടുമെന്നും വേണുഗോപാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.