കാലവര്‍ഷം നേരത്തേ; തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമാന്‍ കടലില്‍ എത്തി; അടുത്ത ദിവസങ്ങളില്‍ കേരളത്തിലേക്ക്

Jaihind News Bureau
Tuesday, May 13, 2025

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, നിക്കോബാര്‍ ദ്വീപുകള്‍, വടക്കന്‍ ആന്‍ഡമാന്‍ കടലിന്റെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക് എത്തിയതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി നിക്കോബാര്‍ ദ്വീപുകളില്‍ ഇടത്തരം മുതല്‍ ശക്തമായ മഴ ലഭിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഈ കാലയളവില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപുകള്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തിയും ആഴവും വര്‍ധിച്ചു. കടല്‍നിരപ്പില്‍ നിന്ന് 1.5 കിലോമീറ്റര്‍ ഉയരത്തില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ ഏകദേശം 37 കി.മീ കവിഞ്ഞു. ചിലയിടങ്ങളില്‍ അതിലും കൂടുതലായിരുന്നു. മേഘങ്ങളുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ഔട്ട്ഗോയിംഗ് ലോംഗ്വേവ് റേഡിയേഷന്‍ (OLR) ഈ മേഖലയില്‍ കുറഞ്ഞതായും കണ്ടെത്തി. ഈ സാഹചര്യങ്ങളെല്ലാം ഈ പ്രദേശത്ത് മണ്‍സൂണ്‍ എത്തിയതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിലേക്ക് ഉടന്‍

അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളില്‍ മണ്‍സൂണ്‍ തെക്ക് അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്കും മാലിദ്വീപ്, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിലേക്കും മുന്നേറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ പൂര്‍ണ്ണമായും, ആന്‍ഡമാന്‍ കടലിന്റെ ശേഷിക്കുന്ന ഭാഗങ്ങള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്കും മണ്‍സൂണ്‍ വ്യാപിക്കും. ഇത് കേരളത്തില്‍ മണ്‍സൂണ്‍ എത്തുന്നതിനുള്ള അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്.