ഇരട്ടനികുതി ഒഴിവാകും, ഫുഡ് പാര്‍ക്കുകളിലും സ്മാര്‍ട്ട് സിറ്റിയിലും ഖത്തര്‍ നിക്ഷേപം വരുന്നു

Jaihind News Bureau
Tuesday, February 18, 2025

ഇന്ത്യാ- ഖത്തര്‍ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ധാരണയായി. ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് ഈ ധാരണ.

ഇന്ത്യയിൽ സ്മാർട്ട് സിറ്റികളിലും ഫുഡ് പാർക്കിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും നിക്ഷേപം നടത്തുമെന്ന് ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽ താനി ഇതോടൊപ്പം അറിയിച്ചു. ഖത്തറിൽ നിന്ന് കൂടുതൽ എൽഎൻജി വാങ്ങാൻ ഇന്ത്യയും തീരുമാനിച്ചിട്ടുണ്ട്. ഖത്തറിന് ഇന്ത്യൻ സമൂഹം നൽകുന്ന പിന്തുണയ്ക്കും
സംഭാവനയ്ക്കും  ഖത്തർ അമീർ നന്ദി അറിയിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയും ഖത്തർ അമീറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യ- ജിസിസി സ്വതന്ത്ര വ്യാപാര കരാർ ചർച്ചയായത്. കരാറിൽ ഖത്തറും താത്പര്യം അറിയിക്കുകയായിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷവും ഇരു നേതാക്കളും ചർച്ചയ്ക്ക് വെച്ചിരുന്നു. “ഖത്തർ ജയിലുകളിൽ 600 ഇന്ത്യക്കാരുണ്ട്, വധശിക്ഷ ഒഴിവാക്കിയെങ്കിലും മുൻ നാവിക സേന ഉദ്യോഗസ്ഥനെതിരെ ഖത്തറിൽ കോടതി നടപടിയുണ്ട്”- വിദേശകാര്യ മന്ത്രാലയം ഖത്തീർ അമീറിനെ അറിയിച്ചു.