ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിലെ വിവേചനങ്ങള്‍ ചൂണ്ടിക്കാട്ടിരാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതി രാഹുല്‍ ഗാന്ധി. കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ സ്വഭാവത്തിലും പരിധിയിലും വിവേചനം ഉണ്ടെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും ഇന്ത്യയുടെ സായുധ സേനയുടെ പരമോന്നത കമാൻഡർ ആയതിനാൽ വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
രാഷ്ട്രത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കുന്ന അഗ്നിവീരന്മാർക്ക് നീതി നൽകണമെന്ന അഭ്യർത്ഥനയോടെയാണ് താൻ കത്തെഴുതുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. “സാധാരണ സൈനികരെ അപേക്ഷിച്ച് കൊല്ലപ്പെട്ട അഗ്നിവീരന്മാരുടെ കുടുംബങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ സ്വഭാവത്തിലും വ്യാപ്തിയിലും ഉള്ള വിവേചനം രാഷ്ട്രപതിയുടെ അടിയന്തര ശ്രദ്ധ അർഹിക്കുന്നു”-രാഹുൽ ഗാന്ധി കത്തിൽ പറഞ്ഞു. മാതൃരാജ്യത്തിനായി ഏറ്റവും ഉയർന്ന ത്യാഗം ചെയ്യുന്ന ഏതൊരു സൈനികനും ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾ അഗ്നിവീരന്മാർക്കും ലഭിക്കുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ജീവൻ ത്യജിച്ച അഗ്നിവീർ സൈനികർക്ക് നീതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.
2022-ൽ മോദി സർക്കാർ അവതരിപ്പിച്ച അഗ്നിപഥ് പദ്ധതി പ്രകാരം നാലു വർഷത്തെ കരാർ വ്യവസ്ഥയിലാണ് സേനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. നാലു വർഷത്തെ സേവനത്തിനു ശേഷം 75 ശതമാനം പേരെ പിരിച്ചുവിടും. ഇവർക്ക് സാധാരണ ഗതിയിൽ സൈനികർക്ക് നൽകിവരുന്ന പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു എന്നത് വലിയ ചർച്ചയായിയിരുന്നു. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങളാണ് നടന്നത്.