പ്രളയത്തിന്റെ മറവില്‍ മറ്റൊരു നിയമന കുംഭകോണം; എ.എ. റഹീമിന്റെ സഹോദരി, പി.കെ. ശ്രീമതിയുടെ മുന്‍ പി.എയുടെ ഭാര്യ ഉള്‍പ്പെടെ നിരവധിപേരെ അനധികൃതമായി സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രതിഷ്ഠിക്കാന്‍ നീക്കം

Jaihind Webdesk
Friday, August 23, 2019

തിരുവനന്തപുരം: പ്രളയത്തിന്റെ മറവില്‍ വന്‍തോതിലുള്ള പകല്‍കൊള്ളക്കായി പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമം തുടരുന്നതായി വി.ടി. ബല്‍റാം എം.എല്‍.എ . വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ‘സ്‌കോള്‍ കേരള’ സ്ഥാപനത്തില്‍ പാര്‍ട്ടിയിലെ നേതാക്കളുടെ ബന്ധുക്കളെയും പ്രവര്‍ത്തകരെയും സ്ഥിരപ്പെടുത്താന്‍ പ്രത്യേകം പുതിയ തസ്തികകള്‍ അധാര്‍മ്മികമായി സൃ്ഷ്ടിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വി.ടി. ബല്‍റാം എം.എല്‍.എയുടെ വെളിപ്പെടുത്തല്‍. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിന്റെ സഹോദരി, ശ്രീമതി ടീച്ചറുടെ പി.എ ആയിരുന്ന മാധ്യമപ്രവര്‍ത്തകന്റെ ഭാര്യ തുടങ്ങി സി.പി.എം നേതാക്കളുടെ ബന്ധുക്കളാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ ശമ്പളത്തില്‍ സ്ഥിരനിയമനം നേടാന്‍ പോകുന്നത്.

വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രളയത്തിന്റെ മറവില്‍ വീണ്ടുമൊരു പകല്‍ക്കൊള്ളക്കാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിനു കീഴിലെ State Council for Open and Lifelong Education (SCOLE Kerala) യുമായി ബന്ധപ്പെട്ട് 80 ഓളം പുതിയ തസ്തികകള്‍ സൃഷ്ടിച്ച് സ്ഥിരനിയമനം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിക്കഴിഞ്ഞു. എന്നാല്‍ നിയമനം നടത്തേണ്ടത് പിഎസ് സി ആണെന്ന് ഉത്തരവില്‍ പറയുന്നുമില്ല. നിലവില്‍ അവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

ഇതിന്റെ ഗുണഭോക്താക്കളാകാന്‍ പോകുന്നത് ആരെല്ലാമായിരിക്കും എന്നത് കേരളമറിയേണ്ടതുണ്ട്. ‘വര്‍ഗീയത വേണ്ട, തൊഴില്‍ മതി’ എന്ന് ആഹ്വാനം ചെയ്ത് നാടുനീളെ ജാഥ നടത്തിയ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ സഹോദരിയാണ് ഒരാള്‍. ശ്രീമതി ടീച്ചറുടെ പിഎ ആയിരുന്ന ദേശാഭിമാനി ലേഖകന്റെ ഭാര്യ, തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുടെ ഭാര്യ അടക്കം നിരവധി സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കാണ് സര്‍ക്കാര്‍ ശമ്പളത്തില്‍ ജോലി സ്ഥിരപ്പെടുത്തപ്പെടുന്നത്. മുന്‍ കാലങ്ങളില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി എന്ന് ആരോപിക്കപ്പെട്ടവര്‍ വരെ നിയമിക്കപ്പെടാനിരിക്കുകയാണ്.

താത്ക്കാലികാടിസ്ഥാനത്തില്‍ ആളുകളെ നിയമിക്കുമ്പോള്‍ അതത് കാലത്തെ ഭരണക്കാരുടെ ഇഷ്ടക്കാര്‍ കടന്നുവരുന്നത് കേരളത്തിലെ പതിവ് കാഴ്ചയാണ്. എന്നാല്‍ പ്രത്യേകം തസ്തിക സൃഷ്ടിച്ച് ഇവരെ സ്ഥിരപ്പെടുത്തുന്നത് അധാര്‍മ്മികം മാത്രമല്ല, നിയമ വിരുദ്ധം കൂടിയാണ്. 2006 ലെ ഉമാദേവി കേസില്‍ സുപ്രീം കോടതി താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിന് വിലക്കിക്കൊണ്ട് കൃത്യമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിന്റെ നഗ്‌നമായ ലംഘനമാണ് ഇപ്പോള്‍ സ്‌കോള്‍ കേരളയില്‍ നടക്കുന്നത്.

ഇപ്പോള്‍ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിച്ച് നിയമനം പിഎസ് സി ക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സ്വന്തക്കാരെ പിന്‍വാതിലിലൂടെ നിയമിക്കുന്ന ഈ നീക്കത്തേക്കുറിച്ച് പ്രതികരിക്കാന്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും ധാര്‍മ്മിക ബാധ്യതയുണ്ട്.