വീണ്ടും ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം; കല്ലറയില്‍ പോസ്റ്റർ

Jaihind Webdesk
Tuesday, September 5, 2023

 

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വീണ്ടും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് സിപിഎം സൈബർ ഇടങ്ങളില്‍ പ്രചാരണം. പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ സ്ഥാപിച്ച പോസ്റ്ററിലാണ് അധിക്ഷേപ പരാമർശം. ഇതാണ് ഇടതു പ്രൊഫൈലുകളിലൂടെ സാമൂഹ്യമാധ്യമങ്ങളില്‍  വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.

‘പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ, വി. ചാണ്ടി സാറേ… സഖാവ് ജെയ്ക്കിന്‍റെ വിജയത്തിനു വേണ്ടി പ്രാർത്ഥിക്കണമേ…’ – എന്നാണ് വിവാദ പോസ്റ്ററിലെ വാചകം. പോസ്റ്ററിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. പുതുപ്പള്ളി പള്ളിയെയും ടാഗ് ചെയ്ത് സൈബർ ഇടങ്ങളില്‍ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. വിവാദ പോസ്റ്ററും ഉമ്മൻ ചാണ്ടിയുടെ കല്ലറയുടെ ചിത്രവും ചേർത്തുവെച്ചാണ് പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ഇലക്ഷൻ ആയോണ്ട് രാവിലെ പുതിയ പുണ്യാളന്‍റെ അടുത്തുപോയി സഖാവ് ജെയ്ക്കിന്‍റെ വിജയത്തിനു വേണ്ടി പ്രാർത്ഥന സമർപ്പിച്ചിട്ടുണ്ട്. പുണ്യാളൻ ഒറിജിനൽ ആണോന്ന് എട്ടാം തീയതി അറിയാം.’

അതേസമയം ഉമ്മന്‍ ചാണ്ടിയെയും സഭയെയും പള്ളിയെയും അവഹേളിച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്. മരിച്ചിട്ടും ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുന്നത് അവസാനിപ്പിക്കാത്ത സിപിഎം നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.