കഴക്കൂട്ടത്ത് വീണ്ടും ബിജെപി-സിപിഎം സംഘര്‍ഷം, പരിക്ക് ; കാര്‍ തല്ലിത്തകര്‍ത്തു

Jaihind Webdesk
Tuesday, April 6, 2021

തിരുവനന്തപുരം : കഴക്കൂട്ടത്ത് വീണ്ടും സിപിഎം – ബിജെപിസംഘര്‍ഷം. കാട്ടായിക്കോണത്ത് ബിജെപി പ്രവര്‍ത്തകന്‍റെ കാര്‍ തല്ലിത്തകര്‍ത്തു. കാറിലെത്തിയ ബിജെപി പ്രവർത്തകർ ആക്രമിച്ചെന്ന് സിപിഎം ആരോപിച്ചു. രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനം മാറ്റാനുളള പൊലിസിന്‍റെ ശ്രമം സിപിഎം പ്രവർത്തകർ തടഞ്ഞു.

രാവിലെയും ഇവിടെ ഇരു പാർട്ടിക്കാരും തമ്മില്‍ സംഘർഷമുണ്ടായിരുന്നു. 11 മണിയോടെയാണ് കാട്ടായിക്കോണം സ്കൂളിന് സമീപമുണ്ടായ സംഘർഷത്തില്‍ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. തങ്ങളുടെ ബൂത്ത് ഏജന്‍റുമാരായ സ്ത്രീകളെ അടക്കം ആക്രമിച്ചെന്ന് ബിജെപി ആരോപിച്ചു. തുടർന്ന് പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നു. ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും സ്ഥലത്ത് എത്തി. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.