ശബരിമല കോടതിയലക്ഷ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിൽ നിന്ന് അറ്റോര്‍ണി ജനറൽ പിന്മാറി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള, കണ്ഠരര് രാജീവര് എന്നിവരുൾപ്പടെ 5 പേർക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരുന്നത്.
ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കുന്നത് തടഞ്ഞതിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള, തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബത്തിലെ രാമ രാജവർമ, പത്തനംതിട്ടയിലെ ബി.ജെ.പി നേതാവ് മുരളീധരൻ ഉണ്ണിത്താൻ, ചലച്ചിത്ര താരം കൊല്ലം തുളസി എന്നിവർക്ക് എതിരായിട്ടായിരുന്നു കോടതി അലക്ഷ്യ ഹർജി. അപേക്ഷയിൽ തീരുമാനം എടുക്കാൻ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാൽ, സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് നിർദേശം നൽകി. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ കോടതി അലക്ഷ്യ നടപടിക്ക് ആയുള്ള അപേക്ഷയിൽ തീരുമാനം എടുക്കും എന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു.
അഭിഭാഷകയായ ഡോക്ടർ ഗീതാകുമാരി, എ.വി വർഷ എന്നിവർ ആണ് കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിനെ സമീപിച്ചത്. അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പിന്മാറാൻ ഉള്ള കാരണം വ്യക്തമാക്കിയിട്ടില്ല. കെ.കെ വേണുഗോപാൽ അറ്റോർണി ജനറൽ ആകുന്നതിന് മുമ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായിരുന്നു. ഒരു ചാനൽ സംവാദ പരിപാടിയിൽ ശബരിമല യുവതീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധിയെ പരസ്യമായി വിമർശിച്ച വ്യക്തി ആണ് കെ.കെ വേണുഗോപാൽ. അതിനാൽ ആണ് വേണുഗോപാൽ സ്വയം പിന്മാറിയതാണെന്നും അഭ്യൂഹങ്ങൾ ഉണ്ട്.
ദേശിയ തലത്തിൽ തന്നെ ഇതിനോടകം ചർച്ചയായ ഈ വിധിയെ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ അഭിപ്രായം കോടതി തേടുകയോ, അല്ലെങ്കിൽ കേന്ദ്ര സർക്കാർ കോടതിയെ അഭിപ്രായം അറിയിക്കേണ്ടിയോ വന്നാൽ, സർക്കാരിന് വേണ്ടി ഹാജരാകേണ്ടത് അറ്റോർണി ജനറൽ ആണ്. ഈ സാഹചര്യം മുന്നിൽ കണ്ടാണ് ഇപ്പോഴത്തെ അപേക്ഷയിൽ തീരുമാനം എടുക്കാൻ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ, സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ ചുമതലപ്പെടുത്തിയത് എന്നും കോടതി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.