കേന്ദ്രത്തിന് പിന്നാലെ കേരള ബജറ്റിലും പ്രവാസികള്‍ക്ക് നിരാശ: വിമാനക്കൂലി പരിഹരിക്കാനുള്ള കോര്‍പ്പസ് ഫണ്ട് മറ്റൊരു വാഗ്ദാന തട്ടിപ്പെന്ന് സംഘടനകള്‍; പ്രതിഷേധം രൂക്ഷം

Elvis Chummar
Friday, February 3, 2023

 

ദുബായ്: കേന്ദ്ര ബജറ്റിന് പിന്നാലെ കേരള ബജറ്റിലും പ്രവാസികള്‍ക്ക് കടുത്ത നിരാശയെന്ന് പരാതി. ഗള്‍ഫ് മലയാളികളുടെ ഉയര്‍ന്ന വിമാനക്കൂലി പ്രശ്‌നം പരിഹരിക്കാന്‍ 15 കോടിയുടെ കോര്‍പ്പസ് ഫണ്ട് എന്ന കേരള ബജറ്റ് പ്രഖ്യാപനം മറ്റൊരു തട്ടിപ്പ് മാത്രമാണെന്ന് പ്രവാസികള്‍ ആരോപിക്കുന്നു. നേരത്തെ പ്രവാസികള്‍ക്കായി പ്രഖ്യാപിച്ചിട്ടും നടപ്പാക്കാത്ത നിരവധി വാഗ്ദാനങ്ങള്‍ മാത്രമാണ് ഇതെന്ന് വിവിധ സംഘടനകള്‍ പരാതിപ്പെട്ടു.

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ആറ് മാസത്തെ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം പറഞ്ഞു. ഇതുവരെയും അത് നടപ്പാക്കിയില്ല. കൊവിഡ് കാലത്ത് ചാര്‍ട്ടര്‍ വിമാനം ആരംഭിക്കുമെന്ന വാഗ്ദാനങ്ങള്‍ നല്‍കി. അതും പ്രാബല്യത്തിലായില്ല. പ്രവാസി പുനരധിവാസം സമഗ്രമായി നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. അതും നടപ്പാക്കിയില്ല. ഗള്‍ഫ് മലയാളികളുടെ ഉയര്‍ന്ന വിമാനക്കൂലി പ്രശ്‌നം പരിഹരിക്കാന്‍ 15 കോടിയുടെ കോര്‍പ്പസ് ഫണ്ട് എന്ന ബജറ്റ് പ്രഖ്യാപനം മറ്റൊരു തട്ടിപ്പ് പ്രഖ്യാപനം മാത്രമാണെന്നും പ്രവാസി സംഘടകള്‍ ആരോപിച്ചു.

പ്രവാസികള്‍ നിരന്തരം ആവശ്യപ്പെടുന്ന ആരോഗ്യ ഇന്‍ഷുറന്‍സ്, ക്ഷേമ പെന്‍ഷന്‍ വര്‍ധന, എയര്‍ കേരള പദ്ധതി, കൊവിഡ് കാലത്ത് മരണപ്പെട്ട പ്രവാസി കുടുംബങ്ങള്‍ക്കുള്ള സഹായം, ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് പുനരധിവാസം എന്നിവയെ കുറിച്ച് ബജറ്റില്‍ ഒന്നും ഇല്ലെന്നും സംഘടനകള്‍ ആരോപിച്ചു. ഇതിനിടെയാണ് പ്രവാസികള്‍ക്ക് കോടികള്‍ ബജറ്റില്‍ നീക്കിവെച്ചു എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളെന്നും ആക്ഷേപമുണ്ട്.

മുഖ്യമന്ത്രിയുടെ വീട്ടിലെ കന്നുകാലികള്‍ക്കുള്ള പരിഗണന പോലും പ്രവാസികള്‍ക്ക് നല്‍കിയില്ലെന്ന് ഒഐസിസി

മുഖ്യമന്ത്രിയുടെ വീട്ടിലെ കന്നുകാലികള്‍ക്ക് നല്‍കിയ പരിഗണന പോലും, കേരള ബജറ്റില്‍ പ്രവാസികള്‍ക്ക് നല്‍കിയില്ലെന്ന്, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്‌ളോബല്‍ പ്രസിഡണ്ട് കുമ്പളത്ത് ശങ്കരപിള്ള പറഞ്ഞു. ഇത് പ്രവാസികളോടുള്ള കടുത്ത അവഗണനയാണെന്നും അവര്‍ ആരോപിച്ചു.

“ധൂര്‍ത്തിന്‍റെ കടബാധ്യതകളും സാധാരണക്കാരന്‍റെ തലയില്‍”

പിണറായി സര്‍ക്കാരിന്‍റെ ധൂര്‍ത്തിന്‍റെ മുഴുവന്‍ കടബാധ്യതകളും സാധാരണക്കാരന്‍റെ തലയില്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഹാഷിക്ക് തൈക്കണ്ടി ദുബായില്‍ പറഞ്ഞു. ബജറ്റിലൂടെ കേന്ദ്രവും കേരളവും ഒരുപോലെ ജനത്തെ കൊള്ളയടിക്കുന്നു. ദീര്‍ഘവീക്ഷണമില്ലാതെ കടം വാങ്ങിക്കൂട്ടി ധൂര്‍ത്ത് നടത്തി. പ്രവാസികളുടെ കാര്യത്തില്‍ മോഹന വാഗ്ദാനങ്ങള്‍ ഉണ്ടെങ്കിലും 15 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് എന്നുള്ളതും കണ്ണില്‍ പൊടിയിടുന്ന തട്ടിപ്പാണെന്നും അഡ്വ. ഹാഷിക്ക് തൈക്കണ്ടി പറഞ്ഞു.

2955 കോടിയുടെ അധിക നികുതിയിലൂടെ ജനങ്ങളുടെ നടുവൊടിക്കുന്ന മാജിക്കാണ് ധനമന്ത്രി ബാലഗോപാല്‍ നടത്തിയത്. പെട്രോളിനും ഡീസലിനും സെസ്, കറണ്ട് ചാര്‍ജ്, വീട് കരം, നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന എന്നതിനേക്കാള്‍ ഉപരി ഭവനനിര്‍മ്മാണം, ഭൂമി കൈമാറ്റം തുടങ്ങി എല്ലാ മേഖലയിലും വില വര്‍ധന ഉണ്ടാക്കിയെന്നും ഹാഷിക് ആരോപിച്ചു.

ഇന്‍കാസ് യുഎഇ

രൂക്ഷമായ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ കേരള ജനതയെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതാണ് കേരള ബജറ്റെന്ന് യുഎഇ ഇന്‍കാസ് ആരോപിച്ചു. പെട്രോള്‍ ഡീസല്‍ വില വര്‍ധനയിലൂടെ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള അവശ്യ വസ്തുക്കള്‍ക്ക് വിലക്കൂട്ടി. ഇതുവഴി ജനജീവിതം ദുസഹമാക്കിയെന്ന് യുഎഇ ഇന്‍കാസ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ജാബിര്‍ പറഞ്ഞു. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന പ്രവാസികള്‍ക്ക് നേരെയുള്ള പിണറായി സര്‍ക്കാരിന്‍റെ വെല്ലുവിളിയാണ് ബജറ്റെന്നും ജാബിര്‍ ആരോപിച്ചു.

“ഒരു കൈകൊണ്ട് തലോടി, മറുകൈ കൊണ്ട് തല്ലിക്കൊല്ലുന്നു”

പ്രവാസികളെ ഒരു കൈകൊണ്ട് തലോടി മറുകൈ കൊണ്ട് തല്ലിക്കൊല്ലുന്ന ബജറ്റാണ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് യുഎഇയിലെ പ്രവാസി ഇന്ത്യ കൂട്ടായ്മ ആരോപിച്ചു. മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ വകയിരുത്തിയ 84.6 കോടി രൂപ, തിരികെ എത്തിയവരുടെ എണ്ണം വച്ച് നോക്കുമ്പോള്‍ വളരെ കുറവാണെന്ന് പ്രവാസി ഇന്ത്യ പ്രസിഡന്‍റ് അബ്ദുല്ല സവാദ് പറഞ്ഞു. ബജറ്റിലെ നികുതി വര്‍ധന ന്യായീകരിക്കാനാവില്ല. ഇത്തരം വര്‍ധവ് പ്രവാസി കുടുംബങ്ങളുടെ ദൈനംദിന ജീവിതം ദുസഹമാക്കിയെന്നും പ്രവാസി ഇന്ത്യ ആരോപിച്ചു.

ജനദ്രോഹ ബജറ്റ് പിന്‍വലിക്കണമെന്ന് ബഹറിന്‍ ഒഐസിസി

വിലക്കയറ്റം മൂലം പൊറുതിമുട്ടിയ കേരളത്തിലെ ജനങ്ങളുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന ജനദ്രോഹ ബജറ്റ് പിന്‍വലിക്കണമെന്ന് ബഹറിന്‍ ഒഐസിസി ആവശ്യപ്പെട്ടു. ഡീസല്‍, പെട്രോള്‍ എന്നിവയ്ക്ക് അധിക നികുതി ഈടാക്കാന്‍ ഉള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഉണ്ടാക്കും. പ്രവാസികള്‍ വളരെക്കാലമായി ആവശ്യപ്പെടുന്ന പെന്‍ഷന്‍ വര്‍ധന ഈ ബജറ്റിലും ഇല്ല എന്നത് പ്രവാസി സമൂഹത്തിനോട് കാണിക്കുന്ന വഞ്ചനയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും വര്‍ധന പ്രഖ്യാപിച്ചതാണ്. പ്രവാസികളെ സഹായിച്ചു എന്ന് കാണിക്കാന്‍ വേണ്ടി എയര്‍ടിക്കറ്റ് വര്‍ധന പരിഹരിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയതായി കാണുന്നു. പക്ഷെ ഈ തുക എങ്ങനെ വിനിയോഗിക്കും എന്ന് ഒരു നിര്‍ദേശവും ഇല്ല. പ്രവാസികളോടോപ്പം നാട്ടിലെ പാവപ്പെട്ട ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ബജറ്റ് നിര്‍ദേശങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണം എന്ന് ഒഐസിസി ദേശീയ പ്രസിഡന്‍റ് ബിനു കുന്നന്താനം, ജനറല്‍ സെക്രട്ടറിമാരായ ഗഫൂര്‍ ഉണ്ണിക്കുളം, ബോബി പാറയില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ഒഐസിസി സൗദി വെസ്റ്റേണ്‍ റീജണല്‍ കമ്മിറ്റി

പ്രതിസന്ധിയിലായ പ്രവാസികളെ സഹായിക്കാനുള്ള ക്രിയാത്മക പദ്ധതികള്‍ ഇല്ലാത്ത പ്രവാസി വിരുദ്ധ ബജറ്റാണ് പിണറായി സര്‍ക്കാര്‍ അതരിപ്പിച്ചതെന്ന് ഒഐസിസി സൗദി വെസ്റ്റേണ്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്‍റ് കെ.ടി.എ മുനീര്‍ പറഞ്ഞു. കേരള സമ്പദ്ഘടനയ്ക്ക് പ്രവാസികള്‍ അര്‍പ്പിച്ച സംഭാവനകളെ ബജറ്റില്‍ പരിഗണിച്ചില്ല. പ്രവാസികളുടെ സര്‍ക്കാരെന്ന് ഗീര്‍വാണം പറയുന്ന ഇടത്ത് അനുകൂല പ്രവാസി സംഘടനകള്‍ ഈ ബജറ്റിനെ അംഗീരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.

കുളം തോണ്ടുന്ന ബജറ്റെന്ന് ബിജെപി

കേരള സംസ്ഥാനത്തെ കുളം തോണ്ടുന്ന ബജറ്റാണിതെന്ന് ദുബായിലെ ബിജെപി അനുഭാവ സംഘടനാ നേതാവ് രമേഷ് മന്നത്ത് പറഞ്ഞു. പെട്രോള്‍ ഡീസല്‍ വിലയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയുകയും എന്നാല്‍ സംസ്ഥാന നികുതി പലവട്ടമായി വര്‍ധിപ്പിച്ച് ജനങ്ങളുടെ നടുവൊടിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രമേഷ് ആരോപിച്ചു. 2900 കോടിയുടെ അധിക വിഭവ സമാഹരണമെന്ന പേരില്‍ ജനങ്ങളുടെ മേല്‍ ചുമടുകയറ്റുന്ന ബജറ്റാണിത്. സാധാരണക്കാരന്‍റെ വാഹനമായ ഇരുചക്ര വാഹനങ്ങളുടെ നികുതി കൂട്ടിയതും സാധാരണക്കാരായ ജനങ്ങളോടുള്ള ദ്രോഹ നടപടിയാണെന്നും രമേഷ് ആരോപിച്ചു.

“കണ്ണില്‍ പൊടിയിടുന്ന ബജറ്റ്”

പ്രവാസികളുടെ കണ്ണില്‍ പൊടിയിടുന്ന ബജറ്റാണ് പിണറായി സര്‍ക്കാരിന്‍റേതെന്ന് യുഎഇയിലെ ചിരന്തന സാംസ്‌കാരിക വേദി പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. ഗള്‍ഫ് മലയാളികളുടെ ഉയര്‍ന്ന വിമാനക്കൂലി പ്രശ്‌നം പരിഹരിക്കാന്‍ 15 കോടിയുടെ കോര്‍പ്പസ് ഫണ്ട് എന്നത് മറ്റൊരു വാഗ്ദാനം മാത്രമാണെന്നും പുന്നക്കന്‍ ആരോപിച്ചു.

“പ്രതിസന്ധി മുന്നില്‍ കണ്ടുള്ള ബജറ്റ്”

കേരളം നേരിടുന്ന വിലക്കയറ്റവും 2023 ലെ പ്രതിസന്ധികളും മുന്നില്‍ കണ്ടുള്ള ബജറ്റാണിതെന്ന് പ്രവാസ ലോകത്തെ സാമ്പത്തിക വിദ്ഗദന്‍ പി കെ സജിത് കുമാര്‍ ദുബായില്‍ പറഞ്ഞു. മെയ്ക്ക് ഇന്‍ കേരള പദ്ധതി, കേരളത്തിന്‍റെ നിര്‍മാണ മേഖലയെ ശാക്തീകരിക്കുമെന്നും സജിത് കുമാര്‍ വ്യക്തമാക്കി.

“ബജറ്റ് നിരാശാജനകം”

കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റ് ജനദ്രോഹപരവും പാവപ്പെട്ട ആളുകളുടെ ജീവിതം കൂടുതല്‍ ദുര്‍ഘടം ആക്കുകയും ചെയ്തെന്ന് ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയും മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനറുമായ രാജു കല്ലുംപുറം ബഹറിനില്‍ പറഞ്ഞു. വിലക്കയറ്റം മൂലം രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പെടുന്ന സമയത്ത് വീണ്ടും കൂടുതല്‍ നികുതി നിര്‍ദേശങ്ങള്‍ ജനജീവിതം ദുഷ്‌കരമാക്കും. സംസ്ഥാന നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടെന്ന് കരുതി എന്ത് തീരുമാനം എടുക്കാമെന്നാണ് ഭരണാധികാരികള്‍ കരുതുന്നത്. ഇതിനെതിരെ കേരളത്തിലെ ജനങ്ങള്‍ തെരുവില്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും രാജു കല്ലുംപുറം പറഞ്ഞു.