സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

സൗദിക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. യുഎഇയിൽ എത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമിക്രോൺ കണ്ടെത്തിയ സ്ത്രീയെ ഐസൊലേറ്റ് ചെയ്തതായും കർശ നിരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചു.

ഇവരുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കി വരികയാണ്. ഏത് സാഹചര്യവും നേരിടാൻ ആരോഗ്യരംഗം തയാറാണെന്നും ബൂസ്റ്റർ ഡോസ് ഉൾപ്പെടെ എല്ലാവരും വാക്സിനെടുക്കണമെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കയിൽ കാലിഫോർണിയയിൽ നവംബർ 22ന് എത്തിയ ആഫ്രിക്കൻ സ്വദേശിയിലാണ് ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയത്. 29 നാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

നേരത്തെ സൗദി അറേബ്യയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. രോഗിയുമായി സമ്പർക്കമുണ്ടായിരുന്നവരെയും ക്വാറന്‍റൈൻ ചെയ്തിട്ടുണ്ട്. പതിനാല് ആഫ്രിക്കൻ രാജ്യങ്ങൾക്ക് സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് ഏർപ്പെടുത്തുന്നതിന് മുമ്പ് സൗദിയിൽ എത്തിയതാവാം ഇദ്ദേഹം എന്നാണ് സൂചന.

പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഏത് അവസ്ഥയെയും നേരിടാൻ ആരോഗ്യവകുപ്പ് സജ്ജമാണെന്നും അധികൃതർ അറിയിച്ചു. എല്ലാവരും വാക്സിനേഷൻ പൂർത്തിയാക്കണമെന്നും പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Comments (0)
Add Comment