ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; സുരക്ഷാ മുന്‍കരുതലുകള്‍ ശക്തം

Jaihind Webdesk
Friday, October 5, 2018

സംസ്ഥാനത്ത് അതിശക്തമായ മഴയും ചുഴലികാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സുരക്ഷാ മുൻകരുതൽ നടപടികൾ ശക്തമാക്കി. എന്‍.ഡി.ആര്‍.എഫിന്‍റെ ഒരു സംഘം ഇന്ന് ജില്ലയിലെത്തും.

മഴ ശക്തമായതോടെ ഇടുക്കിയിലേക്കുള്ള യാത്രയിൽ മുൻകരുതൽ എടുക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. മൂന്നാറിലെ കുറിഞ്ഞി സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി അറിയിപ്പ് ഉണ്ടാകുംവരെ ഇന്നുമുതൽ വിനോദ സഞ്ചാരികൾക്ക്‌ വിലക്കേർപ്പെടുത്തും.

https://www.youtube.com/watch?v=SnedFqGAhRA

മലയോര മേഖലയിലൂടെയുള്ള രാത്രിയാത്ര ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യത്തില്‍ മാത്രം രാത്രിയാത്രയ്ക്ക് അനുമതി നൽകാനുമാണ് നിർദേശം. മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കർശന നിർദേശം നൽകി. നാല് താലൂക്കുകളിലായി കൺട്രോൾ റൂമുകൾ തുറന്ന് പ്രവർത്തിക്കും. ജില്ലയിലെ അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായാൽ പകൽ സമയങ്ങളിൽ മാത്രമാകും തുറക്കുക.

ഇടുക്കിയിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്നുണ്ട്. കൊട്ടാരക്കര ഡിണ്ടുഗല്‍ ദേശീയ പാതയായ വണ്ടിപ്പെരിയാറിൽ വെള്ളം കയറാൻ സാധ്യത ഉള്ളതിനാൽ കർശന നിർദേശങ്ങളാണ് അധികൃതർ നൽകിയിരിക്കുന്നത്. ചരക്ക് വാഹനങ്ങൾക്കും ഗതാഗത നിയന്ത്രണമുണ്ട്. വനം, പോലീസ്, റവന്യൂ, ഫയർഫോഴ്സ് അധികൃതർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.