പ്രിയങ്കാ ഗാന്ധിക്ക് സര്‍ക്കാര്‍ ബംഗ്ലാവില്ല, അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ‘ആജീവനാന്ത’ താമസസൗകര്യം; കേന്ദ്രസർക്കാരിന്‍റെ ഇരട്ടത്താപ്പ്

Jaihind News Bureau
Friday, July 3, 2020

 

പാര്‍ലമെന്‍റ് പദവിയും എസ്പിജി സുരക്ഷയുമില്ലാത്ത ബിജെപി നേതാക്കളായ എല്‍.കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ താമസിക്കാനുള്ള കാലാവധി നീട്ടി നല്‍കി കേന്ദ്രസര്‍ക്കാര്‍. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഔദ്യോഗിക വസതി ഒഴിയണമെന്ന് നിര്‍ദേശിക്കുമ്പോഴാണ് കേന്ദ്രത്തിന്‍റെ  ഇരട്ടത്താപ്പ്‌ വ്യക്തമാകുന്നത്. അദ്വാനിക്ക് ജീവിതകാലം മുഴുവനും  സര്‍ക്കാര്‍ ചെലവില്‍ താമസസൗകര്യം നല്‍കുമ്പോള്‍ മുരളി മനോഹര്‍ ജോഷിക്ക് 2022 വരെ താമസിക്കാം. ഇരുവരുടേയും എസ്.പി.ജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ പിന്‍വലിച്ചിരുന്നു.

1997 മുതല്‍ താമസിച്ചിരുന്ന സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്ന് ഒഴിയാനാണ് പ്രിയങ്കയോട് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.  എസ്.പി.ജി സുരക്ഷ നല്‍കുന്നത് കൊണ്ടാണ് പ്രിയങ്കക്ക് സര്‍ക്കാര്‍ താമസസൗകര്യം അനുവദിച്ചതെന്നും സുരക്ഷ പിന്‍വലിക്കപ്പെട്ടതോടെ ബംഗ്ലാവും ഒഴിവാക്കണമെന്നാണ് കേന്ദ്രനിലപാട്. 2019ല്‍ ഗാന്ധി കുടുംബത്തിന് നല്‍കുന്ന എസ്.പി.ജി സുരക്ഷയും കേന്ദ്രം പിന്‍വലിച്ചിരുന്നു.

അതേസമയം കേന്ദ്രനടപടിക്കെതിരെ വ്യാപക വിമര്‍ശനമാണുയരുന്നത്. തീരുമാനം ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി  പറഞ്ഞു.  കേന്ദ്ര സർക്കാരിനെതിരെയും, യുപിയിലെ ബി ജെ പി സർക്കാരിന്‍റെ ജനവിരുദ്ധ ഫാസിസ്റ്റു നയങ്ങൾക്കെതിരെയും, പാവപ്പെട്ടവരോട് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ഊർജസ്വലമായ പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാരിലും ബിജെപിയിലും സൃഷ്‌ടിച്ച ഭയമാണ് അവരെ ആശയപരമായി അഭിമുഖീകരിക്കുന്നതിനു പകരം ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ പകപോക്കൽ നാടകം സ്വീകരിക്കാൻ ബിജെപിയെ പ്രേരിപ്പിച്ചതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ നടപടികളിലൂടെ കോൺഗ്രസ്സിനെയോ നെഹ്‌റു കുടുംബത്തെയോ നിശബ്ദമാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.