INDIA-UK TRADE DEAL| കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ-ബ്രിട്ടന്‍ വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നു; മോദി-സ്റ്റാര്‍മര്‍ കൂടിക്കാഴ്ച നാളെ

Jaihind News Bureau
Wednesday, July 23, 2025

ഇന്ത്യ-ബ്രിട്ടന്‍ വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നു. വിജയ് മല്ല്യയെയും നീരവ് മോദിയെയും ഖാലിസ്ഥാന്‍ ഭീകരരെയും ഇന്ത്യക്ക് കൈമാറണമെന്ന് മോദി ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ട്. യു കെയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, യു കെ പ്രധാന മന്ത്രിയുമായും ചാള്‍സ് രാജാവുമായും ഇന്ന് കൂടിക്കാഴ്ച നടത്തും.

നാല് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ-ബ്രിട്ടന്‍ വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നത്. ഇന്ത്യ കയറ്റുമതി ചെയ്യുന്ന 99 ശതമാനം സാധനങ്ങള്‍ക്കും ബ്രിട്ടന്‍ തീരുവ ഒഴിവാക്കുമെന്നതാണ് കരാറിലെ പ്രധാന ധാരണ. യു കെ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാമ്പസുകള്‍ തുറക്കാനുള്ള ധാരണയിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചേയ്ക്കും. പ്രതിരോധ മേഖലയിലെയും വ്യാപാര മേഖലയിലെയും സഹകരണം ഉറപ്പാക്കുന്നതടക്കം നിരവധി വിഷയങ്ങളും ചര്‍ച്ചയാകും. അതൊടൊപ്പം വിജയ് മല്ല്യയെയും നീരവ് മോദിയെയും ഖാലിസ്ഥാന്‍ ഭീകരരെയും ഇന്ത്യക്ക് കൈമാറണമെന്ന് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.

റഷ്യയില്‍ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നതിനെതിരെ യൂറോപ്യന്‍ രാജ്യങ്ങളെടുക്കുന്ന നിലപാടിലെ അതൃപ്തിയും പ്രധാനമന്ത്രി അറിയിച്ചേക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മറുടെ വസതിയിലാകും നാളെ കൂടിക്കാഴ്ച നടത്തുക. ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തില്‍ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ബ്രിട്ടീഷ് വാണിജ്യ വ്യവസായ മന്ത്രി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സുമാകും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുകയെന്നാണ് വിവരം. വിസ്‌കി, കാര്‍ തുടങ്ങി മറ്റ് ഉല്‍പ്പന്നങ്ങളും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ ബ്രിട്ടീഷ് കമ്പനികള്‍ക്ക് കരാര്‍ സഹായകമാകും. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യു കെയില്‍ വിപണി ലഭിക്കുന്നതിനും കരാര്‍ ഗുണകരമാണ്. യു കെ പ്രധാന മന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍, ചാള്‍സ് രാജാവ് എന്നിവരുമായി യു കെയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചതിനിടെയാണ് മോദിയുടെ വിദേശയാത്ര എന്നത് ശ്രദ്ധേയമാണ്.