തീരദേശ പരിപാലന നിയമ ലംഘനം : കാപ്പിക്കോ റിസോര്‍ട്ടും പൊളിക്കണം; പൊളിക്കരുതെന്നാവശ്യപ്പെട്ടുള്ള ഉടമകളുടെ ഹർജി സുപ്രീംകോടതി തള്ളി

Jaihind News Bureau
Friday, January 10, 2020

ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കണമെന്ന് സുപ്രീംകോടതി. റിസോർട്ട് പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് ഉടമകൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. തീരദേശ പരിപാലന നിയമ ലംഘിച്ച് നിർമ്മിച്ചതാണ് എന്ന് കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് ഹർജി സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, അനിരുദ്ധ ബോസ്, വി. രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്

മരടിന് പിന്നാലെ ആലപ്പുഴ പാണാവള്ളി പഞ്ചായത്തിൽ നെടിയതുരുത്തില്‍പെട്ട കാപ്പിക്കോ റിസോർട്ടും പൊളിക്കേണ്ടി വരും. റിസോർട്ട് പൊളിക്കാനുള്ള കേരള ഹൈക്കോടതി വിധിക്ക് എതിരെ കാപ്പിക്കോ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. തീരദേശ പരിപാലന നിയമ ലംഘിച്ച് നിർമ്മിച്ചതാണ് എന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഹർജി സുപ്രീം കോടതി തള്ളിയത്. 2006ലാണ് സ്വന്തം സ്ഥലത്തിനൊപ്പം സർക്കാർ പുറമ്പോക്ക് ഭൂമിയും കയ്യേറി കോപ്പിക്കോ റിസോർട്ട് പണിതത്. കായലിൽ നിന്നും ഒരു മീറ്റർ പോലും അകലം പാലിക്കാതെയാണ് റിസോർട്ട് പണിതത്. റിസോർട്ട് പൊളിക്കണമെന്ന് ഹൈക്കോടതി 2013ൽ ഉത്തരവ് ഇടുകയും ചെയ്തു.കാപ്പിക്കോയ്ക്ക് ഒപ്പം വാമിക റിസോര്‍ട്ടും പൊളിക്കാനും ഉത്തരവുണ്ടായിരുന്നു.ഇതിൽ വാമിക റിസോര്‍ട്ട് മാത്രമാണ് പൊളിച്ച് നീക്കിയത്.

സുപ്രീംകോടതിയെ സമീപിച്ച് പൊളിക്കൽ നടപടി തൽക്കാലം നിർത്തി വയ്ക്കാൻ കാപിക്കോ ഉത്തരവ് നേടുകയായിരുന്നു. കായൽ കൈയേറ്റവും മറ്റും ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികളാണ് റിസോർട്ടിനെതിരെ ആദ്യമായി പരാതി നൽകിയത്. ഒരു നിർമാണവും പാടില്ലാത്ത മേഖലയിലാണ് റിസോർട്ട് സ്ഥിതിചെയ്യുന്നതെന്ന്കേരള തീരദേശ നിയന്ത്രണ അതോറിറ്റി കണ്ടെത്തിയിരുന്നു.