കെജ്‌രിവാളിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ബിജെപി; മദ്യനയത്തില്‍ അഴിമതി, ഇഡി അന്വേഷിക്കണമെന്ന് ആവശ്യം

Jaihind Webdesk
Sunday, March 24, 2024

 

ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയായ ഭഗ്‌വന്ത്‌ മന്നിനെയും കുരുക്കാൻ ഇഡി നീക്കം. ഭഗ്‌വന്ത്‌ മന്നിനെതിരെ ഇഡി അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. അതേസമയം അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന് കെജ്‌രിവാളിന്‍റെ ആവശ്യം കോടതി തള്ളി. ഹർജി ബുധനാഴ്ച പരിഗണിക്കും.

പഞ്ചാബിലെ മദ്യ നയവും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന ആവശ്യവുമായാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ സുനിൽ ഝാക്കർ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി. മദ്യനയ അഴിമതിയിലൂടെ സംസ്ഥാന ഖജനാവിനു ആയിരം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന ആരോപണം ബിജെപി സജീവമാക്കിയിരിക്കുകയാണ്.

ഡല്‍ഹി മദ്യനയ കേസിലെ പ്രതികളിൽ ഒരാൾക്ക് പഞ്ചാബിലെ മദ്യ വ്യവസായം നടത്താൻ അനുമതി ലഭിച്ചത് ദുരൂഹമാണെന്നും ഇതിൽ അന്വേഷണം വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം. അതേസമയം അടിയന്തര സിറ്റിംഗ് നടത്തണമെന്ന കെജ്‌രിവാളിന്‍റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പെട്ടെന്നുള്ള ഇഡി അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്താണ് കെജ്‌രിവാൾ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ബുധനാഴ്ച മാത്രമേ ഹർജി പരിഗണിക്കുകയുള്ളു എന്ന് കോടതി അറിയിച്ചു.

അറസ്റ്റ് ചെയ്തതും ഇഡി കസ്റ്റഡിയിൽ വിട്ടതും നിയമവിരുദ്ധമെന്ന് കെജ്‌രിവാൾ ഹൈക്കോടതിയിൽ വ്യക്തമാക്കി. കെജ്‌രിവാളിനെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലുള്ള ബിആർഎസ് നേതാവ് കവിതയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. എന്നാൽ കവിതയുടെ കസ്റ്റഡി കാലാവധി ഡൽഹി റോസ് അവന്യൂ കോടതി മാർച്ച് 26 വരെ നീട്ടി. അന്ന് രാവിലെ 11 ന് കവിതയെ ഹാജരാക്കണമെന്ന് അന്വേഷണ ഏജൻസിക്ക് കോടതി നിർദ്ദേശവും നൽകി.