സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് 19ന്; കനത്ത വിമർശനങ്ങൾക്കൊടുവിൽ സർക്കാരിനെ തിരുത്തുവാനുള്ള മാർഗ്ഗരേഖക്ക് അന്തിമ രൂപമാകും

Jaihind Webdesk
Saturday, July 6, 2024

 

തിരുവനന്തപുരം: കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ താഴെത്തട്ട് മുതൽ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് വരെ ഏറ്റ കനത്ത വിമർശനങ്ങൾക്കൊടുവിൽ മുഖ്യമന്ത്രിയേയും സർക്കാരിനെയും പാർട്ടി നേതൃത്വത്തെയും അണികളെയും തിരുത്തുവാനുള്ള സിപിഎം മാർഗ്ഗരേഖക്ക് അടുത്ത സംസ്ഥാന കമ്മിറ്റിയിൽ അന്തിമ രൂപമാകും. സർക്കാരിന് മുൻഗണന നിശ്ചയിച്ച് നൽകി തിരുത്തേണ്ടത് തിരുത്തുക തന്നെ വേണമെന്ന കർശന കേന്ദ്ര നിർദ്ദേശത്തോടെയുള്ള മാർഗ്ഗരേഖാ ചട്ടക്കൂടിൽ മുഖ്യമന്ത്രിയും സർക്കാരും മുന്നോട്ടു പോകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

നേതാക്കളുടെ ധാർഷ്ട്യവും അഹങ്കാരവും തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയപ്പോൾ മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയ്ക്കും ശൈലിക്കും എതിരെയുള്ള കനത്ത വിമർശനങ്ങളാണ് സംസ്ഥാന കമ്മിറ്റി മുതൽ താഴോട്ടുള്ള വിവിധ തലങ്ങളിലെ തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ അലയടിച്ചത്. എല്ലാതലങ്ങളിലേയും നേതാക്കൾക്കും പ്രവർത്തകർക്കുമുള്ള അഹങ്കാരം കേരളത്തിൽ സിപിഎമ്മിനെ ജനങ്ങളിൽനിന്ന്
അകറ്റുകയാണെന്ന വിമർശനത്തോടെയാണ് പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പുറത്ത് വന്നത്. തിരുത്തേണ്ടത് തിരുത്തുക തന്നെ വേണമെന്ന കർശന നിർദ്ദേശമാണ് കേന്ദ്ര നേതൃത്വം നൽകുന്നത്. മുകൾത്തട്ടു മുതൽ
താഴെത്തട്ടു വരെയുള്ള നേതാക്കളുടെ ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം തിരുത്തുക തന്നെ വേണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തെക്കൻ മേഖല യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ തോൽവിയെത്തുടർന്നുള്ള കടുത്ത ഉൾപാർട്ടി വിമർശനങ്ങളുടെ ദിശ മുഖ്യമന്ത്രിയിലും സർക്കാരിലും തന്നെയാണ് എത്തിനിൽക്കുന്നത്. ഇതോടെ സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് മുൻഗണന നിശ്ചയിച്ചു നൽകി രൂപപ്പെടുത്തുന്ന മാർഗ്ഗരേഖയ്ക്കു ഈ മാസം 19 മുതൽ ചേരുന്ന സിപിഎം നേതൃയോഗം അന്തിമ രൂപം നൽകും. 19ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് മാർഗ്ഗരേഖയ്ക്കു രൂപം നൽകും. തുടർന്ന് 21, 22 തീയതികളിൽ സംസ്ഥാന കമ്മിറ്റി ചേർന്ന് അന്തിമ തീരുമാനം എടുക്കും. സർക്കാരിലും പാർട്ടിയിലും ഒരുപോലെ തിരുത്തൽ വരുത്തുക ലക്ഷ്യമാക്കിയാണ് സിപിഎം മാർഗ രേഖ തയ്യാറാക്കുന്നത്. എന്നാൽ സർക്കാരിന് മുൻഗണന നിശ്ചയിച്ച് നൽകി തിരുത്തേണ്ടത് തിരുത്തുക തന്നെ വേണമെന്ന കർശന കേന്ദ്ര നിർദ്ദേശത്തോടെയുള്ള മാർഗ്ഗരേഖാ ചട്ടക്കൂടിൽ മുഖ്യമന്ത്രിയും സർക്കാരും മുന്നോട്ടു പോകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.