ന്യൂഡല്‍ഹി : കേന്ദ്രസർക്കാരിന്‍റെ പുതിയ ഐടി നയം പാലിക്കുമെന്ന് ഗൂഗിളും. ഉള്ളടക്കത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവർത്തിക്കൂവെന്നും ഗൂഗിൾ . ഇതോടെ യൂട്യൂബ് അടക്കമുള്ള ഗൂഗിൾ സേവനങ്ങൾക്ക് നയം ബാധകമാകും.
കേന്ദ്രം ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശം പാലിക്കാന്‍ തയാറാകുമെന്ന് ഫേസ്ബുക്കും വ്യക്തമാക്കിയിരുന്നു. മെയ് 26 ന് രാജ്യത്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കായി പുതിയ ഐടി നിയമം നടപ്പാകാനിരിക്കെയാണ് ഫേസ്ബുക്കിന്‍റെ തീരുമാനം. എന്നാല്‍ ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്നും സര്‍ക്കാരുമായി ആലോചിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.
മെയ് 25 വരെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കുന്നതിന് നല്‍കിയിരുന്ന സമയപരിധി. 2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ നിയമം നടപ്പിലാക്കാന്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസ കാലാവധിയാണ് നല്‍കിയിരുന്നത്. എന്നാല്‍ ട്വിറ്ററിന്‍റെ ഇന്ത്യന്‍ പതിപ്പായ ‘കൂ’ മാത്രമാണ് പുതിയ നിയമം അനുസരിച്ച് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.