ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകള്‍ ഇന്ത്യയിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രാജ്യവ്യാപകമായി പരിശോധന നടത്തുന്നു. കേരളത്തിലെ പ്രമുഖ നടന്മാരുടെ വീടുകളടക്കം 17 ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടക്കുന്നത്. നടന്മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വീടുകളിലുമടക്കമാണ് റെയ്ഡ്. ദുല്‍ഖര്‍ സല്‍മാന്റെ മൂന്ന് വീടുകളിലും മമ്മൂട്ടിയുടെ കൊച്ചിയിലെ നിലവിലെ താമസസ്ഥലത്തും പഴയ വീട്ടിലുമാണ് പരിശോധന നടക്കുന്നത്. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡുകള്‍ നടന്നത്.
കേസില്‍ കസ്റ്റംസ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഇ.ഡി.യുടെ ഇടപെടല്‍. നികുതി വെട്ടിച്ച് വാഹനം ഇന്ത്യയില്‍ എത്തിച്ചതില്‍ വ്യാപകമായ കള്ളപ്പണം വെളുപ്പിക്കല്‍, ജി.എസ്.ടി. വെട്ടിപ്പ്, ഫെമ (FEMA) നിയമലംഘനം എന്നിവ നടന്നതായി കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു. വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചുള്ള അനധികൃത ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഏജന്‍സിയായ ഇ.ഡി. കേസ് ഏറ്റെടുത്തത്. നിയമവിരുദ്ധമായി ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ എത്തിച്ച് കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായി ഉപയോഗിച്ചോ എന്നും ഇ.ഡി. പരിശോധിക്കുന്നുണ്ട്.
കസ്റ്റംസ് ‘ഓപ്പറേഷന്‍ നുംഖോര്‍’ എന്ന് പേരിട്ട ഈ നീക്കത്തില്‍, വിദേശത്തുനിന്ന് കൊണ്ടുവന്ന കാറുകള്‍ വ്യാജ രജിസ്ട്രേഷനിലൂടെയാണ് കേരളത്തില്‍ ഉപയോഗിച്ചിരുന്നത്. എംപരിവാഹന്‍ ആപ്പില്‍ കൃത്രിമം നടത്തിയും ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ വ്യാജ രേഖകള്‍ ചമച്ചുമാണ് വാഹനങ്ങള്‍ റീ-രജിസ്റ്റര്‍ ചെയ്തതെന്നും കണ്ടെത്തിയിരുന്നു. കേരളത്തില്‍ മാത്രം 150-ഓളം വാഹനങ്ങള്‍ ഇത്തരത്തില്‍ എത്തിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. വാഹന രജിസ്ട്രേഷന്‍ വിവരങ്ങള്‍, ഇന്‍വോയ്സുകള്‍, മറ്റ് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവയാണ് ഇ.ഡി. റെയ്ഡില്‍ പ്രധാനമായും അന്വേഷിക്കുന്നത്.