പൗരത്വ ഭേദഗതി ബിൽ : ബംഗ്ലാദേശ് ആഭ്യന്തരമന്ത്രിയും ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

Jaihind Webdesk
Thursday, December 12, 2019

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി  ഇന്ത്യാ സന്ദർശനം റദ്ദാക്കിയതിന് പിന്നാലെ ബംഗ്ലാദേശ് ആഭ്യന്തരമന്ത്രിയും ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കി. വിദേശകാര്യമന്ത്രി എ.കെ അബ്ദുൾ മോമെൻ രണ്ട് ദിവസത്തെ സന്ദർശനം റദ്ദാക്കി മണിക്കൂറുകൾക്കകമാണ് ആഭ്യന്തരമന്ത്രി അസദുസമാൻ ഖാനും സന്ദർശനം റദ്ദാക്കിയത്.

സ്വാതന്ത്ര്യസമര സേനാനികളുടെ ക്ഷേമ ട്രസ്റ്റിന്‍റെ പരിപാടിയിൽ പങ്കെടുക്കാനായിട്ടാണ് അസദുസമാന്‍ ഖാൻ ഷില്ലോംഗ് സന്ദർശിക്കാനിരുന്നത്. ഈ സന്ദര്‍ശനം റദ്ദാക്കുന്നതായി അറിയിക്കുകയായിരുന്നു.

നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്‍റില്‍ നടത്തിയ പ്രസ്താവനയെ ശക്തമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് തന്‍റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയതായി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ അബ്ദുള്‍ മോമെന്‍ അറിയിച്ചത്.  ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെ മോമെന്‍ രംഗത്തെത്തിയിരുന്നു.

‘ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന അമിത് ഷായുടെ ആരോപണം തികച്ചും അസത്യമാണ്. ആരാണ് അത്തരത്തിലൊരു വിവരം നല്‍കിയതെങ്കിലും അത് ശരിയല്ല. ഹിന്ദുക്കള്‍ ബംഗ്ലാദേശില്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് പറയുന്നതില്‍ യാതൊരു വാസ്തവവുമില്ല. മതേതര രാഷ്ട്രമെന്ന നിലയില്‍ നിന്ന് ഇന്ത്യ വ്യതിചലിക്കുന്നത് ബന്ധങ്ങളെ ദുര്‍ബലപ്പെടുത്തും’ – എന്നായിരുന്നു മോമെന്‍റെ പ്രതികരണം.

വിവാദമായ പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിന് പിന്നാലെ രാജ്യത്ത് ശക്തമായ പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രമസമാധാന നില വഷളായതും സന്ദർശനം റദ്ദാക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നു.