ഒരിടവേളയ്ക്ക് ശേഷം കാലവർഷം വീണ്ടും സജീവമാകുന്നു; ഓറഞ്ച് അലർട്ട്, ജാഗ്രത വേണം

Jaihind Webdesk
Thursday, July 11, 2024

 

തിരുവനന്തപുരം: കഴിഞ്ഞ  ദിവസങ്ങളിലെല്ലാം ദുർബലമായിരിക്കുന്ന കാലവർഷം വീണ്ടും സജീവമാകാൻ സാധ്യത. ശനി, ഞായര്‍ ദിവസങ്ങളോടെ  വടക്കൻ കേരളത്തില്‍ ചെറിയ തോതിൽ കാലവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്‍റെ അറിയിപ്പ്. ആഗോള മഴപാത്തിയുടെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ തെക്കൻ ചൈന കടലിലും ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴികള്‍ രൂപപെടാനുള്ള സാധ്യതയുണ്ട്. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത. നിലവിൽ അതിതീവ്ര മഴക്കുള്ള സാധ്യത കുറവാണ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 13, 14, 15 തീയതികളില്‍ കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ  എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.