G Sudhakaran| ഒരിടവേളയ്ക്കു ശേഷം ജി സുധാകരന്റെ പേരും ചിത്രവും സര്‍ക്കാര്‍ നോട്ടീസില്‍; തോട്ടപ്പള്ളി പാലം ഉദ്ഘാടന നോട്ടീസില്‍ ചിത്രം

Jaihind News Bureau
Saturday, October 25, 2025

 

ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ആലപ്പുഴയിലെ സര്‍ക്കാര്‍ പരിപാടിയില്‍ മുന്‍മന്ത്രി ജി സുധാകരന്റെ പേരും ചിത്രവും വച്ച് നോട്ടീസ്. തോട്ടപ്പള്ളി നാലുചിറ പാലം ഉദ്ഘാടനത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ഇറക്കിയ നോട്ടീസിലാണ് ജി സുധാകരന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രിയാണ് നാലുചിറ പാലം ഉദ്ഘാടനം ചെയ്യുന്നത്.

പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ ആണ് ജി. സുധാകരന്റെ പേര് ഉള്‍പ്പെടുത്തിയത്. ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന സമയത്താണ് നാലു ചിറ പാലത്തിന് അനുമതി നല്‍കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തത്. പാലം ഉദ്ഘാടന ചടങ്ങില്‍ താന്‍ പങ്കെടുക്കുമോ എന്നത് പ്രസക്തമല്ല എന്നായിരുന്നു ജി. സുധാകരന്റെ പ്രതികരണം.

‘ഞാന്‍ മന്ത്രിയായിരുന്ന കാലത്താണ് ഈ പാലത്തിന് അനുമതി നല്‍കിയത്. 500 പാലങ്ങളായിരുന്നു അന്നത്തെ സര്‍ക്കാര്‍ ലക്ഷ്യംവെച്ചത്. തിങ്കളാഴ്ച മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നു. ബാക്കി കാര്യങ്ങള്‍ തനിക്കറിയില്ല,’ സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു.