അന്ന് ഉരുളെടുത്തത് 14 ജീവനുകള്‍; 40 വർഷങ്ങള്‍ക്കിപ്പുറം പ്രകൃതിയുടെ സംഹാര താണ്ഡവത്തില്‍ നാമാവശേഷമായി മുണ്ടക്കെെ ഗ്രാമം

 

വയനാട്: വയനാട് സംഭവിച്ചിട്ടുള്ള ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഏറ്റവും ഒടുവിലേതാണ് മുണ്ടക്കൈ, ചൂരല്‍മല മേഖലയിലുണ്ടായത്. ഇതുള്‍പ്പെടെ അഞ്ച് ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ക്കാണ് വയനാട് ജില്ല സാക്ഷിയായത്. പുത്തുമല ഉള്‍പ്പെടെ ജില്ലയിലെ നാല് ഇടങ്ങളില്‍ മുമ്പും ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്.

1984 ജൂലൈ ഒന്നിന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയത്. എന്നാല്‍ ജൂലൈ രണ്ടിനായിരുന്നു സംഭവം പുറംലോകം അറിഞ്ഞത്. 14 പേർക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. ഷാജി, പാപ്പച്ചന്‍, വിക്രം സിംഗ് എന്നീ കരിമറ്റം എസ്റ്റേറ്റ് തൊഴിലാളികളും പ്രദേശത്തെ മറ്റു 11 പേരുമാണ് ദുരന്തത്തിനിരയായത്. അന്നേ ദിവസം, 24 മില്ലിമീറ്റര്‍ മഴയാണ് മുണ്ടക്കൈയില്‍ രേഖപ്പെടുത്തിയത്. 1992ല്‍ ആണ് നാടിനെ നടുക്കിയ മറ്റൊരു ദുരന്തം വയനാട്ടിലുണ്ടാകുന്നത്. പടിഞ്ഞാറത്തറ കാപ്പിക്കളത്ത് ഉണ്ടായ ആ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒരു കുടുംബത്തിലെ 11 പേരാണ് മരിച്ചത്. 2019ല്‍ മുണ്ടക്കൈയുടെ തന്നെ സമീപ പ്രദേശമായ പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 17 പേരും മരിച്ചു. ഇതില്‍ അഞ്ച് ആളുകളെ കണ്ടെത്താനായില്ല. പുത്തുമല മുതിരത്തൊടി ഹംസ, പച്ചക്കാട് നാച്ചിവീട്ടില്‍ അവറാന്‍, പച്ചക്കാട് കണ്ണന്‍കാടന്‍ അബൂബക്കര്‍, പുത്തുമല എസ്റ്റേറ്റിലെ അണ്ണയ്യ, പച്ചക്കാട് എടക്കണ്ടത്തില്‍ നബീസ എന്നിവരെയാണ് കണ്ടെത്താന്‍ കഴിയാതെപോയത്.

2018 കുറിച്യര്‍മലയില്‍ വന്‍ദുരന്തം ഉണ്ടായെങ്കിലും ജനവാസ മേഖല അല്ലാത്തതിനാല്‍ ജീവഹാനി ഉണ്ടായില്ല. വയനാടിന്‍റെ മാത്രമല്ല, കേരളത്തിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തമാണ് ഇപ്പോള്‍ മുണ്ടക്കൈയില്‍ ഉണ്ടായിരിക്കുന്നത്. മേപ്പാടി മുണ്ടക്കൈ മേഖലയില്‍ വിവിധ സ്ഥലങ്ങള്‍ പല കാലങ്ങളിലായി വന്‍ ദുരന്തങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. 1975ല്‍ കള്ളാടിപ്പാലം തകര്‍ന്ന് ഒന്‍പതുപേര്‍ മരണപ്പെട്ടിരുന്നു. കല്‍പ്പറ്റയില്‍നിന്ന സര്‍ക്കസ് കണ്ട് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ബസ് പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് പാലം തകര്‍ന്നത്. അതേസമയം, ഇത്രയേറെ പേര്‍ക്ക് ജീവഹാനിയുണ്ടാകുന്ന ദുരന്തം വയനാട്ടില്‍ ആദ്യമാണ്. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ആശങ്കയായി മരണസംഖ്യ ഉയരുന്നതും നാടിനെ നടുക്കുകയാണ്.

Comments (0)
Add Comment