തിരുവനന്തപുരം : കോട്ടൺഹിൽ ഗവൺമെന്‍റ് ഗേൾസ് ഹൈസ്‌കൂളിന്‍റെ 1984-85ൽ 10 D ബാച്ചിൽ പഠിച്ച കൂട്ടുകാർ 40 വർഷത്തിന് ശേഷം വീണ്ടും കൂടിച്ചേരുന്നത് സൗഹൃദത്തിന്റെ മഹത്വം വിളിച്ചോതുന്ന ഒരുമിക്കൽ തന്നെയായിരുന്നു . 2024 ഡിസംബർ 29-നാണ് ഇവർ നീണ്ട ദൂരങ്ങളെ മറികടന്ന് എക്കാലത്തേയും ഓർമ്മകൾ പുതുക്കാൻ ഒത്തുകൂടിയത്.
പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഈ കൂട്ടായ്മ, പഴയ മഷിത്തണ്ടുകളും വളപ്പൊട്ടുകളും കുഞ്ഞുമയിൽപ്പീലികളും മനസ്സിന്‍റെ തിരശ്ശീലയിൽ വീണ്ടും വരച്ചുവലിച്ച നിമിഷങ്ങളിലൂടെയാണ് ആരംഭിച്ചത് എന്ന് ചെറു പുഞ്ചിരിയോടെ അവർ ഓർക്കുന്നു.46 പേരിൽ 40 പേരെയും കണ്ടെത്താൻ കഴിഞ്ഞു എന്ന നേട്ടത്തിന്റെ കൂടെ , ഇനിയും കണ്ടെത്താൻ കഴിയാത്തവരെയും ചേർത്ത് മറ്റൊരു കൂടിക്കാഴ്ചക്ക് ഒരുമിക്കാം എന്ന് പരസ്പരം ഉറപ്പു നൽകി സൗഹൃദത്തിന്‍റെ വേലി തീർത്തുകൊണ്ട് അവർ പിരിഞ്ഞു.