പെണ്‍കുട്ടികള്‍ പഠിക്കേണ്ടെന്ന് താലിബാന്‍: സർവകലാശാല പ്രവേശനവും നിഷേധിച്ചു; അപലപിച്ച് ഐക്യരാഷ്ട്രസഭ

Jaihind Webdesk
Wednesday, December 21, 2022

കാബൂള്‍: സ്ത്രീകൾക്ക് സർവകലാശാല പ്രവേശനം നിഷേധിച്ച് താലിബാൻ. അഫ്ഗാനിസ്ഥാനിലെ താലിബാൻ നിയന്ത്രണത്തിലുള്ള സർക്കാരാണ് പെൺകുട്ടികൾക്ക് സർവകലാശാലകളിൽ പ്രവേശനം നിഷേധിച്ച് ഉത്തരവ് ഇറക്കിയത്. നേരത്തെ ഹയർ സെക്കന്‍ഡറി സ്‌കൂളുകളിൽ നിന്നും പെൺകുട്ടികളെ മാറ്റി നിർത്തിയിരുന്നു.

താലിബാൻ തീരുമാനത്തെ ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശസംഘടനകളും അപലപിച്ചു. പൗരന്മാരുടെ അവകാശങ്ങൾ അംഗീകരിക്കാത്തിടത്തോളം താലിബാനെ അന്താരാഷ്ട്ര സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് യുഎൻ കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം സ്ത്രീകൾക്ക് പാർക്കുകളിലും വ്യായാമകേന്ദ്രങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്നു. താലിബാൻ വീണ്ടും അധികാരത്തിലെത്തിയതോടെ അഫ്ഗാനിസ്ഥാന് നൽകിയിരുന്ന സാഹായം വിവിധ രാജ്യങ്ങളും ഏജൻസികളും തടഞ്ഞുവെച്ചിരുന്നു.