ഉപദേശ നിര്‍ദേശങ്ങള്‍ എന്നും വഴികാട്ടിയായി; വി.പ്രതാപചന്ദ്രന്‍റെ നിര്യാണത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി കെ.സുധാകരന്‍

Jaihind Webdesk
Tuesday, December 20, 2022

തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ വി. പ്രതാപചന്ദ്രന്‍റെ   ആകസ്മിക നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ്  കെ. സുധാകരന്‍ എംപി അഗാധമായ ദു:ഖം രേഖപ്പെടുത്തി. തികച്ചും ഞെട്ടിപ്പിക്കുന്നതാണ് അദ്ദേഹത്തിന്‍റെ വിയോഗമെന്നും കെപിസിസി ട്രഷറര്‍ എന്ന സുപ്രധാന പദവിയിലിരുന്ന് അദ്ദേഹം വലംകയ്യായി പ്രവര്‍ത്തിച്ചു വരുകയായിരുന്നുവെന്നും. എല്ലാ ദിവസവും നേരിട്ടും ഫോണിലൂടെയും നിരന്തരം ബന്ധപ്പെട്ടിരുന്ന ഒരു സഹപ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടതെന്നും കെ സുധാകരന്‍ പറഞ്ഞു.  അദ്ദേഹത്തിന്‍റെ  ഉപദേശ നിര്‍ദേശങ്ങള്‍ എന്നും വഴികാട്ടിയായിരുന്നു. സുദീര്‍ഘമായ രാഷ്ട്രീയ അനുഭവസമ്പത്ത് എല്ലാ രീതിയിലും പ്രയോജനം ചെയ്‌തെന്നും കെ പിസിസി അധ്യക്ഷന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ സമുന്നതനായ നേതാവായിരുന്നു അദ്ദേഹം. മുന്‍ കെപിസിസി അധ്യക്ഷനും ധനകാര്യമന്ത്രിയുമായിരുന്ന എസ് വരദരാജന്‍ നായരുടെ മകനും ദിവാന്‍ രാജഗോപാലാചാരിയുടെ പൗത്രനും എന്ന നിലയില്‍ വലിയ രാഷ്ട്രീയ പാരമ്പര്യത്തിലൂടെയാണ് അദ്ദേഹം കെഎസ് യുവിലും തുടര്‍ന്ന് കോണ്‍ഗ്രസിലും വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചത്.

തിരുവനന്തപുരം ലോ കോളേജ്, ഡല്‍ഹി ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ജേണലിസം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം, തിരുവനന്തപുരം പ്രസ്സ് ക്ലബിന്‍റെ  മുന്‍ പ്രസിഡന്‍റ് , കെ എസ് യു ജില്ലാ പ്രസിഡന്റ്, ഡിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി എക്‌സിക്യുട്ടിവ് മെംബര്‍, ട്രഷറര്‍, ഐഎന്‍ടിയുസി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗം. ടൈറ്റാനിയം അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഐഎന്‍ടിയുസി  പ്രസിഡന്‍റ്,  തിരുവന്തപുരം ബാറിലെ അഭിഭാഷകന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചു. വീക്ഷണം പത്രവുമായി ദീര്‍ഘകാലം സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ കോണ്‍ഗ്രസിന്‍റെ ശക്തനായ നേതാവായിരുന്നു. നഗരത്തിലെ വിവിധ സാമൂഹ്യസാംസ്‌കാരിക പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം പാര്‍ട്ടിക്ക് കനത്ത നഷ്ടമാണെന്നും കെ സുധാകരന്‍ പറഞ്ഞു.