തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യം അച്ചടിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരനും രംഗത്തെത്തി. പിണറായി സർക്കാരിന്‍റെ പരസ്യം അച്ചടിച്ച നടപടി നാണംകെട്ടതാണെന്നും പുസ്തകങ്ങള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഷ്ടം സാഹിത്യ അക്കാദമി സെക്രട്ടറിയില്‍ നിന്ന് ഈടാക്കണം. പിണറായി സേവയ്ക്കു വേണ്ടി അക്കാദമികൾ ധൂർത്തടിക്കുന്നതും കൊള്ളയടിക്കുന്നതും പൊതുജനങ്ങളുടെ വിയർപ്പിന്‍റെ വിലയാണെന്നും പന്തളം സുധാകരന്‍ ഓർമ്മിപ്പിച്ചു.
പന്തളം സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
സാഹിത്യ അക്കാദമി പ്രസിദ്ധികരിക്കുന്ന പുസ്തകങ്ങളുടെ പുറംചട്ടയിൽ പിണറായി സർക്കാർ മാഹാത്മ് യപരസ്യം നൽകിയത് ‘പിതൃശൂന്യത’യെ മഹത്വവൽക്കരിക്കുന്ന നടപടിയാണ്. ശക്തമായി പ്രതിഷേധിക്കുന്നു. ഇത് നാണക്കേടാണ്, പരസ്യം അച്ചടിച്ച പുസ്തകങ്ങൾ പിൻവലിച്ച് നഷ്ടം അക്കാദമി സെക്രട്ടറിയിൽ നിന്നും ഈടാക്കണം. ഈ വിധേയത്വ നീക്കത്തിനു അക്കാദമി പ്രസിഡന്‍റും ചരുവിലും ഇളയിടവും മൗനം വെടിയാത്തത് അടിമത്തം കൊണ്ടാണോ? ഇടതു ബുദ്ധിജീവികൾ സർക്കാർ അപ്പക്കഷണത്തിനുള്ള ക്യൂവിലാണല്ലോ? പിണറായി സേവയ്ക്കു വേണ്ടി അക്കാദമികൾ ധൂർത്തടിക്കുന്നതും കൊള്ളയടിക്കുന്നതും പൊതുജനങ്ങളുടെ വിയർപ്പിന്‍റെ വിലയാണെന്നുകൂടി മനസിലാക്കുക.
അതേസമയം സർക്കാർ നടപടിക്കെതിരെ സാഹിത്യലോകത്തും ശക്തമായ പ്രതിഷേധമാണുള്ളത്. ഡോ. എം ലീലാവതിയുടെ മലയാള കവിതാ സാഹിത്യ ചരിത്രം, ഡോ. വയലാ വാസുദേവപിള്ളയുടെ മലയാള നാടക സാഹിത്യ ചരിത്രം 2005, കെ.എ ജയശീലന്‍റെ സമാഹരിച്ച കവിതകള്‍, കെ.പി ജയശങ്കര്‍ എഴുതിയ ജീവിതോത്സാഹനത്തിന്‍റെ ഉപനിഷത്ത്, വൈലോപ്പിള്ളി കവിതാ പാഠങ്ങള്‍ തുടങ്ങിയ 30 പുസ്തകങ്ങളുടെ പുറംചട്ടയിലാണ് പിണറായി സർക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ പരസ്യമുള്ളത്. വിഷയത്തില്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍ സര്‍ക്കാരിനെ വിയോജിപ്പ് അറിയിച്ചു. നിരവധി എഴുത്തുകാരും പ്രതിഷേധം അറിയിച്ച് രംഗത്തെത്തി.