പ്രതികൂല കാലാവസ്ഥ; കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫിലേക്കുള്ള സർവീസുകൾ വൈകി

Jaihind Webdesk
Thursday, May 23, 2024

 

കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫിലേക്കുള്ള സർവീസുകൾ വൈകി. കരിപ്പൂരിൽ നിന്ന് അബുദാബി, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് വൈകിയത്. ഇന്നലെ രാത്രിയാണ് ഈ രണ്ട് വിമാനങ്ങളും പുറപ്പെടേണ്ടിയിരുന്നത്. കനത്ത മഴ മൂലം വിമാനങ്ങൾ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ വിശദീകരിച്ചു.

പ്രതികൂല കാലാവസ്ഥ കാരണം വൈകിയ അബുദാബി വിമാനം 11.30ഓടെ പിന്നീട് പുറപ്പെട്ടു. മസ്കറ്റ‍ിലേക്കുള്ള വിമാനം 12 മണിക്ക് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ദോഹയിൽ നിന്ന് കരിപ്പൂരിലേക്ക് വരികയായിരുന്ന വിമാനം പ്രതികൂല കാലാവസ്ഥ കാരണം മംഗലാപുരം വിമാനത്താവളത്തിൽ ഇറക്കുകയും ചെയ്തു. ഈ വിമാനവും പിന്നീട് കോഴിക്കോടേക്ക് പുറപ്പെട്ടു. അതേസമയം സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നുണ്ട്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 23 മുതൽ 24 വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും, മെയ്‌ 23 മുതൽ 25 വരെ ശക്തമായ മഴക്കും സാധ്യതയെന്നാണ് അറിയിപ്പ്.