മലപ്പുറം: മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്ന അഡ്വ. വി വി പ്രകാശ് ഓർമ്മയായിട്ട് രണ്ടു വർഷം. രാവിലെ ഡിസിസിയിൽ വി.വി പ്രകാശിന്റെ ഛായാചിത്രത്തിന് മുന്നിൽ ഡിസിസി പ്രസിഡന്റ് വി എസ് ജോയിടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു. വൈകിട്ട് വി.വി പ്രകാശിന്റെ ജന്മനാടായ എടക്കരയിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
വാക്കിലും പ്രവർത്തിയിലും സത്യസന്ധതയും ആത്മാർത്ഥതയും നിറഞ്ഞു നിന്നിരുന്ന രാഷ്ട്രീയ നേതാവായിരുന്നു വി. വി. പ്രകാശ്. നന്മയുടെ പ്രകാശംകൊണ്ട് രാഷ്ട്രീയ പ്രവർത്തനത്തിൽ വെളിച്ചം വിതറിയ നേതാവായിരുന്ന അദ്ദേഹം. തന്നെക്കാൾ മുതിർന്നവരെക്കൊണ്ടുപോലും സ്നേഹത്തിൽ പൊതിഞ്ഞ ആദരവ് നേടാൻ അദ്ദേഹത്തിന്റെ സൗമ്യസാന്നിദ്ധ്യത്തിന് കഴിഞ്ഞു.
ലളിതമായ ജീവിതത്തിനുടമയായിരുന്നു വി വി പ്രകാശ്. ഡി സി സി പ്രസിഡന്റായിരിക്കെ ഗാന്ധിയൻ രീതിയിൽ വിവി പ്രകാശ് നേതൃത്വം നൽകി നടത്തിയ രാപ്പകൽ സത്യാഗ്രഹങ്ങൾ, പദയാത്രകൾ തുടങ്ങിയവ വൻ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നിലപാടുകളിൽനിന്ന് കടു കിട വ്യതിചലിക്കാൻ ഒരിക്കലും കൂട്ടാക്കിയില്ല. വ്യക്തി ജീവിതത്തിൽ കനത്ത നഷ്ടങ്ങളും തിരിച്ചടികളുമുണ്ടായിട്ടും
തികഞ്ഞ ഗാന്ധിയനായി, ഗാന്ധിയൻ ആദർശങ്ങളുടെ പ്രചാരകനായി അവസാന നിമിഷംവരെയും അദ്ദേഹം ജീവിച്ചു. അതിനാൽ തന്നെജാതിമതഭേദമന്യേ എല്ലാവർക്കും അദ്ദേഹം പ്രിയപ്പെട്ടവനായി. വ്യക്തിബന്ധങ്ങളും, സൗഹൃദവും കാത്തുസൂക്ഷിക്കാൻ അദ്ദേഹംപ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രയാസകരമായ സാഹചര്യങ്ങളിലൂടെ പാർട്ടി കടന്നുപോയ കാലത്ത് മലപ്പുറം ജില്ലയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും, നേതൃത്വവും പാർട്ടിക്ക് വലിയ ആശ്വാസമായിരുന്നു.
എടക്കര ഗ്രാമപഞ്ചായത്ത് അംഗവും എടക്കര ഈസ്റ്റ് ഏറനാട് ബാങ്ക് പ്രസിഡന്റും, നിലമ്പൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കെ പി സി സി സെക്രട്ടറി, ഡി സി സി പ്രസിഡന്റ് എന്നീ പദവികൾ അദ്ദേഹം വഹിച്ചിരുന്നു. വിവി പ്രകാശ് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച യുവ പൊതുപ്രവർത്തകനുള്ള പ്രഥമ “യുവ പ്രതിഭ” പുരസ്കാരത്തിന് മാത്യു കുഴൽനാടൻ എം.എൽ.എ തെരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. വി.വി പ്രകാശിന്റെ ജന്മനാടായ എടക്കരയിൽ വെച്ച് ഇന്ന് വൈകിട്ട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പുരസ്കാരം മാത്യു കുഴൽ നാടന് സമ്മാനിക്കും.