പ്രവാസികളോടുള്ള നിഷേധാത്മക സമീപനം സർക്കാരുകള്‍ അവസാനിപ്പിക്കണം ; നിരാഹാര സത്യഗ്രഹം നടത്തി അഡ്വ. ടി സിദ്ദിഖും വി.വി പ്രകാശും

കരിപ്പൂർ എയർപോർട്ടിന് സമീപം മലപ്പുറം, കോഴിക്കോട് ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി അധ്യക്ഷൻമാരായ അഡ്വ. ടി സിദ്ദിഖും, അഡ്വ. വി.വി പ്രകാശും നേതൃത്വം നൽകുന്ന നിരാഹാര സത്യഗ്രഹം തുടരുന്നു. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചിട്ടും പ്രവാസികളെ നാട്ടിലെത്തിക്കാൻ അനുഭാവപൂർണമായ സമീപനം സ്വീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടിനെതിരെയാണ് സമരം നടക്കുന്നത്. ‘പ്രവാസികളുടെ ജീവൻ രക്ഷിക്കുക, പ്രവാസികൾ അവർ നമ്മുടെ സ്വന്തം’ എന്ന മുദ്രാവാക്യമുയർത്തിയാണ് സമരം. കെ.പി.സിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തെ സമരം ചെയ്ത് സമ്മർദം ചെലുത്തി പ്രവാസികളോടുള്ള സമീപനം തിരുത്തിക്കാൻ വേണ്ടിയാണ് കൊവിഡ് കാലത്ത് തന്നെ സമരത്തിന് ഇറങ്ങിയതന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. ടി സിദ്ദിഖ് പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രവാസികളോടുള്ള ഈ നിഷേധാത്മക സമീപനം അവസാനിപ്പിക്കണമെന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്‍റ്‌ അഡ്വ. വി.വി പ്രകാശ് ആവശ്യപ്പെട്ടു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എം.പിമാരായ കെ മുരളീധരൻ, എം.കെ രാഘവൻ തുടങ്ങിയവർ സമരപ്പന്തലിൽ എത്തി. സമരത്തെ എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ എ.കെ ആന്‍റണി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ അഭിസംബോധന ചെയ്യുന്നുണ്ട്.

Comments (0)
Add Comment