അഡ്വ. സണ്ണി ജോസഫ് കെപിസിസി അദ്ധ്യക്ഷന്‍; അഭിമാനത്തോടെയാണ് സ്ഥാനമൊഴിയുന്നതെന്ന് കെ സുധാകരന്‍

Jaihind News Bureau
Monday, May 12, 2025

കെ പിസിസി അദ്ധ്യക്ഷനായി അഡ്വ. സണ്ണി ജോസഫ് എംഎല്‍ എ ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്തു നടന്ന ലളിതമായ ചടങ്ങില്‍ കെ സുധാകരനില്‍ നിന്ന് അദ്ദേഹം ചുമതല ഏറ്റെടുത്തു. അതിന്റെ പ്രതീകമായി കെപിസിസി മിനുട്‌സ് കെ സുധാകരന്‍ സണ്ണി ജോസഫിന് കൈമാറി .ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് കെപിസിസി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതെന്ന് കെ സുധാകരന്‍ പറഞ്ഞു. കോട്ടങ്ങള്‍ ഇല്ലാതെ ഒട്ടനവധി നേട്ടങ്ങള്‍ കൈവരിക്കുവാന്‍ തന്റെ നേതൃത്വത്തിലുള്ള കാലഘട്ടത്തിനു സാധിച്ചു. നമ്മള്‍ മുന്നോട്ടാണ് പോയത് പുറകോട്ടല്ല. നേട്ടം മാത്രമാണ് ഉണ്ടായത് . കോട്ടമല്ല ഉണ്ടായിരിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകളാണ് നേടിയത് .തിളക്കമാര്‍ന്ന വിജയമാണ് നേടാനായത്. ജനകീയ അടിത്തറ ശക്തമാണെന്നു തെളിഞ്ഞെന്നും കെ സുധാകരന്‍ പറഞ്ഞു.

അഡ്വ. സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള കെപിസിസിയുടെ പുതിയ അമരക്കാര്‍ ഇന്ന് ചുമതലയേല്‍ക്കുകയാണ്. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ചടങ്ങു പുരോഗമിക്കുന്നു. കെപിസിസി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ദീപാദാസ് മുന്‍ഷി, വിഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എഐസിസി സെക്രട്ടറിമാര്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നു.

ചുമതല ഏറ്റെടുക്കുന്നതിനു മുന്‍പ് നിയുക്ത കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉള്‍പ്പെടെയുള്ള പുതിയ ഭാരവാഹികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയെ സന്ദര്‍ശിച്ചിരുന്നു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായി പി.സി വിഷ്ണുനാഥ് എംഎല്‍എ, എ.പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവരും ചുമതല ഏറ്റെടുക്കും. യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശ് എംപിയും സ്ഥാനം ഏറ്റെടുക്കും.