സിപിഎം അക്രമം മറയ്ക്കാൻ ജയരാജൻ തിരക്കഥ മെനയുന്നു : അഡ്വ.സജീവ് ജോസഫ്

Jaihind News Bureau
Tuesday, December 15, 2020

തളിപ്പറമ്പ്: മയ്യിൽ ചെറുപഴശ്ശി പന്ത്രണ്ടാം നമ്പർ ബൂത്തിൽ സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്നത് തടയാൻ ശ്രമിച്ച യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ ഖാദറിനെയും, ബൂത്ത് ഏജൻ്റുമാരെയും ഒരുപറ്റം സിപിഎം ഗുണ്ടകൾ ചേർന്ന് അക്രമിച്ച സംഭവം പൊതുസമൂഹത്തിൽ നിന്നും മറച്ചു വെയ്ക്കാനാണ് സിപിഎം വ്യാജപ്രചരണവുമായി രംഗത്തുവന്നിരിക്കുന്നതെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് ആരോപിച്ചു.

സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഇവിടെ സന്ദർശിച്ചതിന് പിന്നാലെയാണ് എൽ.ഡി.ഫ് ഗുണ്ടകൾ അക്രമം അഴിച്ചുവിട്ടത്. ഇത് മറച്ചു വെയ്ക്കാനാണ് എം.വി.ജയരാജനെ യു.ഡി.എഫ് പ്രവർത്തകർ അക്രമിക്കാൻ ശ്രമിച്ചെന്ന തരത്തിൽ തിരക്കഥ രചിച്ചത്.

സിപിഎം ജില്ലാ സെക്രട്ടറിയുടെ ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയത്തിന് കണ്ണൂർ ജനതയുടെ മറുപടിയായിരിക്കും തെരഞ്ഞെടുപ്പ് ഫലം.

ജില്ലയിൽ വ്യാപകമായ അക്രമമാണ് സി.പി.എം. ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഇരുപതും മുപ്പതും വയസ്സുള്ള ആയിരക്കണക്കിന് സി.പി.എം കാരുടെ വോട്ടുകൾ ഓപ്പൺ വോട്ടായി ചെയ്തത് പാർട്ടിക്കാരിൽ പോലും വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ്. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഓപ്പൺ വോട്ടുകൾ കള്ളവോട്ടിന് സമാനമാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്നും സജീവ് ജോസഫ് ആവശ്യപ്പെട്ടു.

വിവിധ പഞ്ചായത്തുകളിൽ സിപിഎം അക്രമത്തിൽ പരുക്കേറ്റ യു.ഡി.എഫ്. പ്രവർത്തകരെ അദ്ദേഹം വിവിധ ആശുപത്രികളിലെത്തി സന്ദർശിച്ചു.

കൊയ്യം ജനാർദ്ദനൻ, നൗഷാദ് എം ബ്ലാത്തൂർ, ടി.സി പ്രിയ, ഇ.ദാമോദരൻ, ഐബിൻ ജേക്കബ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.