ഇരിക്കൂർ താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ നിയമസഭയിൽ ഉന്നയിച്ച് അഡ്വ. സജീവ് ജോസഫ് എംഎൽഎ

Jaihind Webdesk
Tuesday, October 5, 2021

തിരുവനന്തപുരം : ഇരിക്കൂർ താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ സഭയില്‍ ഉന്നയിച്ച് അഡ്വ. സജീവ് ജോസഫ് എംഎൽഎ. ആശുപത്രി നവീകരണത്തിന് ഫണ്ട് അനുവദിച്ചെങ്കിലും നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണെന്നും അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും അഡ്വ. സജീവ് ജോസഫ് ആവശ്യപ്പെട്ടു. എത്രയും വേഗം പുതിയ കെട്ടിട നിർമാണത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉറപ്പ് നല്‍കി.

ഏറ്റവും പരിമിതമായ സൗകര്യങ്ങളുണ്ടായിരുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍റർ നാട്ടുകാരുടെയും തദ്ദേശവാസികളുടെയും നിരന്തരമായ ശ്രമഫലമായാണ് 2015-ൽ താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. എന്നാല്‍ താലൂക്ക് ആശുപത്രിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെയും, ജീവനക്കാരെ നിയമിക്കാതെയുമാണ് ആശുപത്രിയുടെ പ്രവർത്തനം നിലവില്‍ മുന്നോട്ട് പോകുന്നത്.  താലൂക്ക് ആശുപത്രി നവീകരണത്തിന് നബാർഡ് മുഖേന ഫണ്ട് അനുവദിച്ചെങ്കിലും പുതിയ കെട്ടിടം നിർമ്മിക്കാനാവശ്യമായ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണെന്ന് അഡ്വ. സജീവ് ജോസഫ് സഭയില്‍ ചൂണ്ടിക്കാട്ടി.

വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് അഡ്വ. സജീവ് ജോസഫ് നിയമസഭയിൽ ആവശ്യപ്പെട്ടു. ഇരിക്കൂർ താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കുമെന്നും, കെട്ടിട നിർമ്മാണം ആരംഭിക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയില്‍ വ്യക്തമാക്കി.