നിയമസഭാ സമ്മേളനത്തില്‍ വിഡി സതീശന്‍ നയിക്കുന്ന പ്രതിപക്ഷത്തിന്‍റെ മുന്നില്‍ ഇരട്ടചങ്കനും സംഘവും അടിപതറിയെന്ന് അഡ്വ ജി ഗോപിദാസ്. ആത്മവിശ്വാസം നഷ്ടപ്പെട്ട് പ്രതിരോധിച്ചു നിൽക്കുന്ന സംഘമായി ഭരണകക്ഷി മാറിയെന്നതാണ് ഈ നിയമസഭാസമ്മേളനത്തിന്‍റെ ചുരുക്കെഴുത്ത് എന്നും അദ്ദേഹം പറയുന്നു
‘മിസ്റ്റർ മുഖ്യമന്ത്രി, നിങ്ങൾ ഒരു പരാജയമാണ്. ദയനീയ പരാജയം’ എന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിയമസഭയിൽ മുഖ്യമന്ത്രിയുടെ നേർക്ക് കൈചൂണ്ടിപ്പറഞ്ഞപ്പോൾ ഇരട്ടച്ചങ്കും തകർന്നമട്ടിൽ മുട്ടുന്യായം മൂളി രക്ഷപെടാനാണ് മുഖ്യൻ ശ്രമിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :
അംഗബലത്തിൽ കൂവിത്തോൽപ്പിക്കാനാവുമോ?
അംഗബലമില്ലെങ്കിലും, ചതുരംഗപ്പലകയിലെന്നപോൽ പ്രതിപക്ഷ നേതാവിൻ്റെ ചെക്ക് വിളിയിൽ തലങ്ങും വിലങ്ങും അടിപതറുകയാണ് ഭരണപക്ഷം. ആത്മവിശ്വാസം നഷ്ടപ്പെട്ട് പ്രതിരോധിച്ചു നിൽക്കുന്ന സംഘമായി ഭരണകക്ഷി മാറിയെന്നതാണ് ഈ നിയമസഭാസമ്മേളനത്തിൻ്റെ ചുരുക്കെഴുത്ത്.
‘മിസ്റ്റർ മുഖ്യമന്ത്രി, നിങ്ങൾ ഒരു പരാജയമാണ്. ദയനീയ പരാജയം’ എന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിയമസഭയിൽ മുഖ്യമന്ത്രിയുടെ നേർക്ക് കൈചൂണ്ടിപ്പറഞ്ഞപ്പോൾ ഇരട്ടച്ചങ്കും തകർന്നമട്ടിൽ മുട്ടുന്യായം മൂളി രക്ഷപെടാനാണ് മുഖ്യൻ ശ്രമിച്ചത്.
ഇനിയിപ്പോൾ പ്രതിപക്ഷത്തെ ഒഴിവാക്കി തൽസ്ഥാനത്ത് ‘തൽപ്പര പൗരപ്രമുഖരെ ‘ പ്രതിഷ്ഠിക്കാനുള്ള ഓർഡിനൻസ് ഇറക്കാനാവുമോയെന്നതാണ് ഭരണകക്ഷി വേവലാതിപ്പെടുന്നത്.
മഹാമാരിക്കാലത്ത് നാട്ടിൽ അഞ്ഞുറ്റി അൻപതുരൂപക്ക് കിട്ടുന്ന പി പി ഇ കിറ്റ് അയ്യായിരത്തി അഞ്ഞുറ്റി അൻപതുരൂപക്കും ഏഴു രൂപക്ക് കിട്ടുന്ന കയ്യുറ 12 രൂപയ്ക്കും വാങ്ങി കമ്മീഷൻപറ്റിയ കഥ ഒളിച്ചുവയ്ക്കാൻ മുഖ്യമന്ത്രിക്ക് ഏറെ വിയർക്കേണ്ടിവന്നു.
‘ഒറ്റപ്പെട്ട ‘ ആറു കൊലപാതകങ്ങളുടെ തനിയാവർത്തനങ്ങളും ഗുണ്ടാരാജും, പൊതുജനത്തിന്റെ സ്വത്തിനും ജീവനും സംരക്ഷണമില്ലാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചതും, പാർട്ടി തീറ്റിപോറ്റുന്ന ക്രിമിനലുകൾ നടത്തുന്ന മയക്കുമരുന്നു കച്ചവടത്തിന്റെ ഉപ ഉത്പന്നമാണ് എന്നുമുള്ള വസ്തുതകൾ തെളിവുസഹിതം അവതരിപ്പിച്ച പ്രതിപക്ഷ നേതാവിനെ ഒച്ചയുണ്ടാക്കി തടസപ്പെടുത്തുകയല്ലാതെ ഭരണപക്ഷത്തിനു മറ്റു വഴികളില്ലാതെ വന്നു.
കഴിഞ്ഞ പിണറായ് ഭരണത്തിൽ മണിയാശാന്റെ മരുമകനുൾപ്പെടെയുള്ള പാർട്ടി സഖാക്കളുടെ മരുമക്കളിൽ സർക്കാർവക ഭൂമി കൈവശാവകാശമായി എത്തപ്പെട്ട കഥ KSEB ചെയർമാന്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ നിയമസഭയിൽ പരാമർശിക്കപ്പെട്ടത് പിണറായി സർക്കാർ കാലത്തെ സ്വത്ത് സമ്പാദനത്തിൽ മരുമക്കത്തായ സമ്പ്രദായത്തിന്റെ വ്യാപ്തി വിളിച്ചോതി.
നൂറുകണക്കിനു കിലോ സ്വർണ്ണം ഇരുപത്തിരണ്ട് പ്രാവശ്യമായി കടത്തിയതും വിദേശ കറൻസി മറിച്ചു കടത്തിയതും മുഖ്യൻ്റെ ചങ്ക് ശിവശങ്കരന്റെ അറിവോടെ എന്ന സ്വപ്നയുടെ വെളിപ്പെടുത്തൽ സഭയിൽ ചർച്ചയ്ക്കു വന്നാലുണ്ടാവുന്ന അപകടം മനസിലാക്കിയ ഭരണപക്ഷം കൂവിവിളിച്ച് പ്രതിപക്ഷ നേതാവിന്റെ ശബ്ദം പുറത്തു കേൾക്കാനാവാത്ത സ്ഥിതിയുണ്ടാക്കി തടി തപ്പി.
Cpm – BJP കൊടുക്കൽ വാങ്ങലുകൾ അക്കമിട്ട് നിരത്തിയ പ്രതിപക്ഷ നേതാവ് പൊളിച്ചടുക്കിയത് cpm നേതാക്കളുടെ ഫാസിസ്റ്റ് വിരുദ്ധ മൈതാന പ്രസംഗങ്ങളുടെ അർത്ഥശൂന്യതയെയാണ്. ഇ ഡി യും കസ്റ്റംസും പിണറായ് വിജയനെയും ,സുപ്രീം കോടതിയിൽ CBI ലാവലിനെയും തഴുകുമ്പോൾ കേരളപ്പോലീസ് BJP തിരഞ്ഞെടുപ്പു ഫണ്ട് തട്ടിപ്പിനെ തഴുകുന്ന സമീപനവും സഭയിൽ തുറന്നുകാട്ടപ്പെട്ടു. മദ്ധ്യസ്ഥന്റെ റോളിൽ ആടിത്തിമിർത്ത ഗവർണ്ണറുടെ രാഷ്ട്രീയം തുറന്നു കാട്ടിയതുവഴി സഭയിൽ വെളിവായത് CPM ന്റെ BJP വിരുദ്ധ കപടമുഖമാണ്.
അംഗസംഖ്യയുടെ വലിപ്പത്തിൽ ഭരണകക്ഷി കൂവിയാൽ അതിൽ ഒതുങ്ങിപ്പോകാവുന്നതേയുള്ളൂ പ്രതിപക്ഷ ശബ്ദം എന്ന ധാരണയിൽ പിഴവ് പറ്റിയിരിക്കുന്നു.സഭയ്ക്കു വെളിയിൽ ആ കൂവലിനെ അതിജീവിച്ച് ജനമനസുകളിൽ പ്രതിപക്ഷ ശബ്ദം ചേക്കേറുമെന്ന് ഇടതു സർക്കാർ മനസിലാക്കിയാൽ നന്ന്.