
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി. തനിക്ക് നോട്ടീസ് ലഭിച്ചുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണെന്നും അദ്ദേഹം ആരോപിച്ചു.
ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകാന്‍ തനിക്ക് യാതൊരു ഭയവുമില്ലെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി. ‘എവിടെയും ഒളിച്ചോടിപ്പോകാന്‍ ഉദ്ദേശിക്കുന്നില്ല. എസ്ഐടി വിളിപ്പിക്കുകയാണെങ്കില്‍ ഉറപ്പായും മാധ്യമങ്ങളെ അറിയിച്ചുകൊണ്ട് തന്നെ ഹാജരാകും. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
കേസിലെ പ്രതിയായ പോറ്റിയുമായി തനിക്ക് ശബരിമല അന്നദാനവുമായി ബന്ധപ്പെട്ട പരിചയം മാത്രമേയുള്ളൂവെന്ന് അദ്ദേഹം വിശദീകരിച്ചു. അന്നദാനത്തിന് ക്ഷണിച്ചതനുസരിച്ചാണ് പോയത്. കൊള്ളക്കാരനാണെന്ന് അറിഞ്ഞുകൊണ്ടല്ല അയാളെ കണ്ടതെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. ശബരിമല കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്നും സര്‍ക്കാരിന്റെ താല്പര്യങ്ങള് സംരക്ഷിക്കാനാണ് നീക്കം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.