Adoor Municipality| അടൂര്‍ നഗരസഭയുടെ പുതിയ കെട്ടിടം: നഗരമധ്യത്തിലെ സ്ഥലം ഉപേക്ഷിച്ച് ചതുപ്പിലേക്ക് മാറ്റി; പ്രതിഷേധം ശക്തം

Jaihind News Bureau
Sunday, August 17, 2025

അടൂര്‍: നഗരമധ്യത്തില്‍ സ്ഥലം ഉണ്ടായിട്ടും അടൂര്‍ നഗരസഭയുടെ പുതിയ കെട്ടിടം നഗരത്തിന് പുറത്തുള്ള ചതുപ്പ് നിലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതില്‍ കടുത്ത പ്രതിഷേധം. യുഡിഎഫ് ഭരണകാലത്ത് വാങ്ങിയ സ്ഥലം ഉപയോഗിക്കാതെ ഒഴിഞ്ഞ ഒരു പ്രദേശത്ത് കെട്ടിട നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെയാണ് വിമര്‍ശനം.

2010-15 കാലഘട്ടത്തില്‍ യുഡിഎഫ് ഭരണ സമിതിയുടെ നേതൃത്വത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും റവന്യൂ മന്ത്രി അടൂര്‍ പ്രകാശും മുന്‍കൈയെടുത്ത് നഗരമധ്യത്തില്‍ വാങ്ങിയ സ്ഥലമാണ് ഇപ്പോള്‍ അവഗണിക്കപ്പെട്ടിരിക്കുന്നതെന്ന് മുന്‍ നഗരസഭാ അദ്ധ്യക്ഷന്‍ ഉമ്മന്‍ തോമസ് പറഞ്ഞു. കോടതി, പോലീസ് സ്റ്റേഷന്‍, റവന്യൂ ടവര്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള ഈ സ്ഥലം, സ്വകാര്യ ബസ് സ്റ്റാന്‍ഡായി പരിഗണിക്കപ്പെട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഗരസഭാ അദ്ധ്യക്ഷന്റെ വാഹനങ്ങള്‍ ഉള്‍പ്പെടെ പൊതുനിരത്തിന്റെ ഓരങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മാസങ്ങളായി കാടുമൂടിക്കിടന്ന ഈ സ്ഥലം സമരങ്ങള്‍ ശക്തമായപ്പോള്‍ മാത്രമാണ് നഗരസഭ വെട്ടിത്തെളിയിച്ചത്. നഗരസഭയില്‍ തുടര്‍ച്ചയായ സെക്രട്ടറി മാറ്റങ്ങള്‍ കാരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് ശശികുമാര്‍ ആരോപിച്ചു.

നഗരസഭയ്ക്ക് വരുമാനം ലഭിക്കാവുന്ന ഈ സ്ഥലം നിലവില്‍ മാലിന്യങ്ങള്‍ തള്ളാനുള്ള ഇടമായി മാറിയിരിക്കുന്നു. താലൂക്ക് ആശുപത്രിയിലെ രണ്ട് ആംബുലന്‍സുകള്‍ ഇവിടെ തുരുമ്പെടുത്ത് കിടക്കുന്നതും ദുരിതം ഇരട്ടിയാക്കുന്നു. നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലം വൃത്തിയാക്കി പേ ആന്‍ഡ് പാര്‍ക്കിങ് ഗ്രൗണ്ടായി ഉപയോഗിക്കാന്‍ സാധിക്കുമെന്നിരിക്കെയാണ് നഗരസഭയുടെ അനാസ്ഥ. റവന്യൂ ടവറിലേക്ക് വരുന്നവര്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതുകാരണം നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.