‘ദ്വീപില്‍ കേന്ദ്രസര്‍ക്കാരിന് കച്ചവട താത്പര്യം, അഡ്മിനിസ്ട്രേറ്ററെ തിരികെവിളിക്കണം’ : എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

കൊച്ചി : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡ പട്ടേൽ നടത്തുന്ന നിയമ നിർമ്മാണങ്ങൾ ദ്വീപിന്‍റെ സമാധാന ജീവിതത്തെ തകർക്കുമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. ദ്വീപിന്‍റെ സംസ്കാരത്തെയും പൈതൃകത്തെയും തകർത്ത് ടൂറിസത്തിന്‍റെ മറവില്‍ കച്ചവടവത്കരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജനദ്രോഹ പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ച് വിളിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ദ്വീപ് സന്ദർശിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാർ നൽകിയ കത്തിന് മറുപടി പോലും തരാത്ത അഡ്മിനിസ്ട്രേറ്ററുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ച് വിളിക്കുക, ദ്വീപ് ജനതയ്ക്ക് സമാധാനം ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആർ.എസ്.പിയുടെ നേതൃത്വത്തിൽ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു എൻ.കെ പ്രേമചന്ദ്രൻ എം.പി.

Comments (0)
Add Comment