സൂര്യനെ അറിയാന്‍ ഇന്ത്യ; ആദിത്യ L1 വിക്ഷേപിച്ചു; രാജ്യത്തിന്‍റെ പ്രഥമ സൗരദൗത്യം

Jaihind Webdesk
Saturday, September 2, 2023

 

ചെന്നൈ: രാജ്യത്തിന്‍റെ അഭിമാന സൗരദൗത്യം ആദിത്യ എൽ1 വിക്ഷേപിച്ചു. ഇന്ത്യയുടെ പ്രഥമ സൗരദൗത്യമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററില്‍ നിന്ന് ആദിത്യ എല്‍ 1 വഹിച്ചുകൊണ്ട് കൃത്യം 11.50നാണ് പിഎസ്എൽവി – എക്സ്എൽ സി57 റോക്കറ്റ് കുതിച്ചുയർന്നത്. സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ

1480.7 കിലോയാണ് ആദിത്യയുടെ ഭാരം. ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥമാണ് ആദിത്യയുടെ ലക്ഷ്യം.  നാലു മാസം എടുത്തായിരിക്കും ആദിത്യ ലക്ഷ്യസ്ഥാനത്തെത്തുക. സൂര്യന്‍റെ താപനില, സൗരവാതം തുടങ്ങിയവയെക്കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം.

വിക്ഷേപിച്ച് 64 മിനിറ്റ് കഴിയുമ്പോള്‍ ഭൂമിയിൽനിന്ന് 648.7 കിലോമീറ്റർ അകലെ ആദിത്യ റോക്കറ്റിൽനിന്നു വേർപെടും. 4 തവണയായി ഭ്രമണപഥം ഉയർത്തിയാകും ലക്ഷ്യസ്ഥാനത്ത് എത്തുക. സൗര അന്തരീക്ഷത്തിന്‍റെ മുകൾഭാഗത്തെ ചൂടും അതുവഴിയുള്ള വികിരണം മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റവും പഠിക്കും. 5 വർഷവും 2 മാസവുമാണ് ദൗത്യകാലാവധി. 7 പേലോഡുകളാണ് ആദിത്യയിലുള്ളത്.