ആദിത്യ എൽ 1; 126 ദിവസത്തെ യാത്രയ്ക്കൊടുവില്‍ ലക്ഷ്യസ്ഥാനത്തേക്ക്

Jaihind Webdesk
Saturday, January 6, 2024

126 ദിവസത്തെ യാത്രയ്ക്കൊടുവില്‍ ആദിത്യ എൽ 1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകിട്ട് നാല് മണിയോടെ ലഗ്രാഞ്ച് പോയിന്റ് വണ്ണിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലെത്തും.  15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ആദിത്യ എൽ വൺ ലഗ്രാഞ്ച് പോയിന്റ് വണ്ണിലെത്തുന്നത്. ഭൂമിയുടേയും സൂര്യന്റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണ പഥത്തിലാണ് ആദിത്യ വലം വെക്കുക.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് സെപ്തംബര്‍ രണ്ടിനാണ് ആദിത്യ എല്‍1 വിക്ഷേപിച്ചത്. പിഎസ്എല്‍വി സി 57 റോക്കറ്റിലായിരുന്നു വിക്ഷേപണം. സൂര്യന്‍റെ പ്രഭാമണ്ഡലത്തെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്‌ഫോടനങ്ങളെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. സൗരാന്തരീക്ഷത്തിന്റെ ചലനാത്മകതയും ഘടനയും മനസിലാക്കല്‍, സൗരവാത ഗതിവേഗവും താപനില വ്യതിയാനവും മനസിലാക്കല്‍ എന്നിവയും ആദിത്യയുടെ ലക്ഷ്യങ്ങളാണ്. ഇതിനായി ഏഴ് പേലോഡുകളാണ് ആദിത്യ എല്‍ 1-ലുള്ളത്. നാലെണ്ണം സൂര്യനില്‍ നിന്നുള്ള പ്രകാശം നിരീക്ഷിക്കും. മറ്റ് മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തിക വലയം എന്നിവയെപ്പറ്റി പഠിക്കും.