എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ മൗനസമ്മതത്തോടെ തന്നെ? അജിത് കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിടാതെ മുഖ്യമന്ത്രി

Jaihind Webdesk
Sunday, September 22, 2024


തിരുവനന്തപുരം: ആര്‍എസ്എസുമായും ബിജെപിയുമായും ഏറ്റവും കൂടുതല്‍ എതിര്‍പ്പ് തങ്ങള്‍ക്കാണെന്ന് മേനിപറയുന്നവരാണ് സിപിഎം. അതേ സര്‍ക്കാരിലെ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ, ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടും മുഖ്യമന്ത്രിക്കോ സിപിഎമ്മിനോ ഒരു കുലുക്കവുമില്ല. ഘടകകക്ഷിയായ സിപിഐ വിമര്‍ശനം ഉയര്‍ത്തിട്ടും മുഖ്യമന്ത്രിക്ക് ഒരു കുലുക്കവുമില്ല.

അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച നടത്തിയതില്‍ ഇതുവരെയും അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടില്ല. ഡിജിപിയോട് ആര്‍എസ്എസ് ബന്ധം അന്വേഷിക്കാന്‍ ഇതേവരെ രേഖാമൂലം ആവശ്യപ്പെട്ടിട്ടുമില്ല. ഡിജിപിയുടെ അന്വേഷണ പരിധിയിലോ അന്‍വറിന്റെ മൊഴിയിലോ ആര്‍എസ്എസ് കൂടിക്കാഴ്ചയില്ല. ആര്‍എസ്എസ് ബന്ധം അന്വേഷിക്കുമെന്നാണ് മുന്നണിയോഗത്തിലും ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തിലും മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇതുവരെ അത് സംബന്ധിച്ച് ഉത്തരവായില്ല.

പി വി അന്‍വറിന്റെ അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ തന്നെ ഇദ്ദേഹത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നതാണ്. എല്‍എഡിഎഫിന്റെ പല ഘടക കക്ഷികളും സമാന ആവശ്യം ഉന്നയിച്ച് രംഗത്തുവന്നിരുന്നു. ഇക്കാര്യം പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാനും സിപിഐ നേതൃത്വം മടിച്ചില്ല. അനന്തമായി കാത്തിരിക്കാനാവില്ലെന്ന് വരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചു. എന്നാല്‍, ഒരു നടപടിയും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

പ്രതിപക്ഷം ഉന്നയിച്ചത് പോലെ മുഖ്യമന്ത്രിയുടെ സമ്മതത്തോടെയാണ് എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് എന്ന് പറയാതെ പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.