എഡിജിപി എംആര്‍ അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്രാ വിവാദത്തില്‍ അജിത് കുമാറിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. ജസ്റ്റിസ് എ രാജാവിജയരാഘവന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. യാത്രയ്ക്കായി ട്രാക്ടര്‍ ഉപയോഗിച്ചതായി എംആര്‍ അജിത് കുമാര്‍ സമ്മതിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് അജിത് കുമാറിന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.
പമ്പയില്‍നിന്ന് സന്നിധാനത്തേക്കും തിരിച്ചുമാണ് എഡിജിപി അജിത്കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്തത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിനു മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നാണ് ഹൈക്കോടതി വിധി. ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുന്‍പു പുറപ്പെടുവിച്ച വിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിരോധനം വകവയ്ക്കാതെയാണ് അജിത്കുമാര്‍ ട്രാക്ടര്‍ യാത്ര നടത്തിയത്. വിവാദമായതോടെ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്.