എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പൂരം കലക്കിയ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ. മുരളീധരന്‍

Jaihind Webdesk
Saturday, September 7, 2024

 

തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം.ആര്‍ അജിത് കുമാര്‍ സമ്മതിച്ചതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ഇരുവരുടെയും കൂടിക്കാഴ്ച വ്യക്തമായ തിരക്കഥയുടെ ഭാഗമെന്ന് മുരളീധരന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അജിത് കുമാര്‍ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിന് പിണറായി മറുപടി പറയാതിരുന്നപ്പോള്‍ തന്നെ ഇത് നിഷേധിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഉറപ്പായിരുന്നു. പ്രതിപക്ഷം ഉന്നയിച്ചത് ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞു.

ഗൂഢപദ്ധതിയുടെ ഫലം പിന്നീട് തൃശൂരില്‍ ബിജെപിക്ക് കിട്ടി. ആര്‍എസ്എസ് നേതാവിനെ അജിത് കുമാര്‍ സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രിയേയോ ഡിജിപിയെയോ അറിയിക്കണ്ടേയെന്നും മുരളീധരന്‍ ചോദിച്ചു. തൃശ്ശൂര്‍ പൂരം കലക്കാന്‍ വളരെ മുമ്പ് തന്നെ ഗൂഢാലോചന നടന്നതായി വ്യക്തമായിട്ടുണ്ട്. ആര്‍എസ്എസ് നേതാവിനെ കാണാന്‍ എം.ആര്‍ അജിത്ത് കുമാറിനെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണ്. തൃശൂരില്‍ ബിജെപിയെ ജയിപ്പിക്കാനും തനിക്ക് എതിരായ കേസില്‍ രക്ഷപെടാനുമാണ് മുഖ്യമന്ത്രി അജിത്ത് കുമാറിനെ പറഞ്ഞ് അയച്ചത്. കേരളം കൈവിട്ടാലും മോദി ഉണ്ടെന്നുള്ള വിശ്വാസമാണ് അജിത്ത് കുമാറിനെന്നും കെ. മുരളീധരന്‍ വിമര്‍ശിച്ചു.