ADGP AJITH KUMAR | എഡിജിപി ട്രാക്ടറില്‍ കയറിയതിന് പൊലീസ് ഡ്രൈവര്‍ക്കെതിരേ കേസ്; എം ആര്‍ അജിത് കുമാറിനെതിരേ എഫ്‌ഐആറില്‍ ഒരു പരാമര്‍ശവുമില്ല

Jaihind News Bureau
Wednesday, July 16, 2025

 

ഒന്നിന് പിറകെ ഒന്നായി വിവാദച്ചുഴിയില്‍ അകപ്പെടുമ്പോഴും എഡിജിപി എം ആര്‍ അജിത് കുമാറിനെ വീണ്ടും ചേര്‍ത്തുപിടിക്കുകയാണ് സര്‍ക്കാര്‍. ശബരിമലയിലെ നിയമവിരുദ്ധ ട്രാക്ടര്‍ യാത്ര വിവാദത്തില്‍ ഡ്രൈവറെ പ്രതിയാക്കിയാണ് എം ആര്‍ അജിത് കുമാറിനെ സംരക്ഷിക്കുന്നത്. അതിവിചിത്രമായ എഫ്‌ഐആറുമായാണ് പോലീസിന്റെ ഒളിച്ചുകളി. വിവാദ യാത്രയില്‍ ഹൈക്കോടതി പരാമര്‍ശം ഉണ്ടായതിന് പിന്നാലെയാണ് സര്‍ക്കാരും പോലീസും ചേര്‍ന്ന് വലിയ ഒത്തുകളി നടത്തിയിരിക്കുന്നത്.

എംആര്‍ അജിത് കുമാര്‍ വിവാദങ്ങളില്‍ ലേറ്റസ്റ്റാണ് ശബരിമല ട്രാക്ടര്‍ യാത്ര. ഇതിലും പക്ഷേ നായകന് പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്തുന്ന സൂപ്പര്‍ നായകനായാണ്‌സര്‍ക്കാര്‍ വിവാദ ഉദ്യോഗസ്ഥന് തണല്‍ ഒരുക്കുന്നത്. ഇതിന് ബലിയാടാക്കിയതാവട്ടെ ഒരു പാവം ഡ്രൈവറെയും. ട്രാക്ടര്‍ ഡ്രൈവറെ പ്രതിയാക്കിയും എം ആര്‍ അജിത് കുമാറിനെ സംരക്ഷിച്ചും വിചിത്ര എഫ്‌ഐആറുമായി പോലീസ് നാണംകെട്ട ഒത്തു കളി നടത്തിയിരിക്കുകയാണ്. എഡിജിപി ട്രാക്ടറില്‍ കയറിയതിന്റെ കുറ്റം ഡ്രൈവറുടെ മേല്‍ ചുമത്തി വിചിത്ര കേസുമായി പമ്പ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എംആര്‍ അജിത് കുമാറിനെക്കുറിച്ച് എഫ്‌ഐആറില്‍ ഒരു പരാമര്‍ശവും ഇല്ലാ എന്നതാണ് ഏറ്റവും വിചിത്രമായ വസ്തുത.അലക്ഷ്യമായി ജനങ്ങള്‍ക്ക് അപകടം ഉണ്ടാകുന്ന രീതിയില്‍ വാഹനം ഓടിച്ചെന്നും ഹൈക്കോടതി വിധി ലംഘിച്ച് ട്രാക്ടറില്‍ ആളെ കയറ്റിയെന്നുമാണ് എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നത്. പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലാണ് അജിത് കുമാര്‍ യാത്ര ചെയ്തത്. സംസ്ഥാന പൊലീസ് മേധാവി ഉടമയായ ട്രാക്ടറിന്റെ ഡ്രൈവറും പൊലീസ് സേനാംഗമാണ്. ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമങ്ങള്‍ പ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്.

എഡി ജി പിയുടെ ട്രക്ടര്‍ യാത്രയെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് പോലീസിന്റെ വിചിത്ര നീക്കം.എഡിജിപിയുടെ ട്രാക്ടര്‍ യാത്ര ദൗര്‍ഭാഗ്യകരമെന്നും ശബരിമല സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ നിന്നും അജിത് കുമാറിന്റെ പ്രവര്‍ത്തി മനപ്പൂര്‍വ്വമാണെന്ന് വ്യക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ട്രാക്ടര്‍ യാത്ര ചട്ടവിരുദ്ധമെന്നാണ് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടും കോടതി പരാമര്‍ശവും ഒക്കെ ഉയരുമ്പോഴും സര്‍ക്കാര്‍ അജിത് കുമാറിനെ ചേര്‍ത്തുപിടിക്കല്‍ തുടരുകയാണ്.ഒന്നിന് പിറകെ ഒന്നായി വിവാദ ചുഴിയില്‍ അകപ്പെടുമ്പോഴും എം ആര്‍ അജിത് കുമാറിന് സര്‍ക്കാരും പോലീസും ചേര്‍ന്ന് ഒത്തുകളിയിലൂടെ സംരക്ഷണ കവചം ഒരുക്കുകയാണ്.സര്‍ക്കാരിന്റെയും പോലീസിന്റെയും ഒത്തുകളിക്കെതിരെ കനത്ത വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.