പുതിയ സാമ്പത്തിക വർഷം : നാളെ മുതല്‍ അധിക നികുതി ഭാരം

Jaihind Webdesk
Thursday, March 31, 2022

തിരുവനന്തപുരം : അടുത്ത സാമ്പത്തിക വർഷം നാളെ മുതല്‍ ആരംഭിക്കുന്നതോടു കൂടി നികുതി ഭാരം ഉയരും. അടിസ്ഥാന ഭൂനികുതി ഇരട്ടിയിലധികം വർദ്ധിക്കും. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകള്‍  വര്‍ധിപ്പിക്കുകയാണ്. സംസ്ഥാനത്ത് ഭൂമിയുടെ ന്യായ വിലനാളെ മുതൽ ഉയരും. ന്യായവിലയിൽ പത്തു ശതമാനം വർധന വരുത്തിയുള്ള വിജ്ഞാപനം ഇന്ന് ഇറങ്ങും. ഇതോടെ ഭൂമി രജിസ്ട്രേഷൻ ചെലവും ഉയരും. വാഹന, ഭൂമി രജിസ്ട്രേഷൻ നിരക്കും കൂടും.

അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ വർധിപ്പിക്കുന്നതോടെ ഏകദേശം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധന നടപ്പാക്കും. 200കോടിയുടെ അധികവരുമാനമാണ് കണക്കുകൂട്ടുന്നത്. ഭൂരേഖകള്‍ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര ഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കും.

എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കകള്‍ കൃതതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ദ്ധിപ്പിക്കും. ഇത് ഏകദേശം 80 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 339 കോടി രൂപ ചിലവില്‍ ഡിജിറ്റല്‍ ഭൂസര്‍വ്വേ പദ്ധതി ഉള്‍പ്പടെ അത്യാധുനിക സാങ്കേതിക മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതികളും ഒന്നാംഘട്ടമായി സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്.

ഭൂമിയുടെ ന്യായവില പല പ്രദേശങ്ങളിലും നിലവിലുള്ള വിപണിമൂല്യവുമായി പൊരുത്തപ്പെടുന്നില്ല. ദേശീയപാത വികസനം, മെട്രോ റെയില്‍ പദ്ധതി, കോര്‍ റോഡ് ശൃംഖല വിപുലീകരണം തുടങ്ങിയ ബഹുത്തായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതിന്‍റെ ഫലമായി സമീപപ്രദേശങ്ങളില്‍ വിപണിമൂല്യം പലമടങ്ങ് വര്‍ധിച്ചു. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയില്‍ 10% ഒറ്റത്തവണ വര്‍ധന നടപ്പിലാക്കും. 200 കോടിയിലേറെ രൂപയുടെ അധിക വരുമാനം ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂട്ടിയ വെള്ളക്കരം നാളെ മുതൽ പ്രാബല്യത്തിൽ വരും. അഞ്ചു ശതമാനമാണ് വർധന.‌ സംസ്ഥാനത്ത് പുതിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത നികുതിയും നാളെ മുതൽ നിലവിൽ വരും.വാഹന രെജിസ്ട്രേഷൻ , ഫിറ്റ്നസ് നിരക്കുകളും കൂടും.  രാജ്യത്ത് ഡിജിറ്റൽ ആസ്തികൾക്ക് നാളെ മുതൽ മുപ്പതു ശതമാനം നികുതി ഉണ്ട്. ക്രിപ്റ്റോ കറൻസി അടക്കം എല്ലാ വെർച്വൽ ഡിജിറ്റൽ ഇടപാടുകൾക്കും ഇത് ബാധകമാണ്.