ഡല്‍ഹി: അദാനിയുടെ ചൈനീസ് നിക്ഷേപം രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും അപകടത്തില്പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചില ‘പ്രത്യേക സൗഹൃദങ്ങള്‍’ കാരണം ഇവ രണ്ടും രാജ്യം ത്യജിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
ചൈനയില്‍ അദാനി ഗ്രൂപ്പ് നടത്തിയിരിക്കുന്നത് ‘മോദാനി’ നിക്ഷേപമാണെന്നും ജയറാം രമേശ് പരിഹസിച്ചു. വിദേശനയത്തിന് പുറമെ ചൈനയുമായുള്ള ‘മോദാനി’യുടെ വിദേശ നിക്ഷേപങ്ങളും ഇന്ത്യയുടെ ദേശീയ സുരക്ഷയെ അപായപ്പെടുത്തുന്നതിലേക്ക് കൊണ്ടെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സപ്ലൈ ചെയിന്‍ സൊല്യൂഷനുകളും പ്രോജക്റ്റ് മാനേജ്മെന്റ് സേവനങ്ങളും നല്കുന്ന ബിസിനസ് നടത്തുന്നതിന് അദാനി ഗ്രൂപ്പ് ചൈനയില്‍ അനുബന്ധ കമ്പനി രൂപീകരിച്ചുവെന്ന വാര്‍ത്തക്കു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഗുരുതര ആരോപണങ്ങള്‍.
അദാനിക്ക് ചൈനയില്‍ വ്യാപാരമുറപ്പിക്കാന് പ്രധാനമന്ത്രി പദത്തിന് തന്നെ മോദി നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചൈനക്ക് 2020 ജൂണ്‍ 19ന് അനാവശ്യമായി പ്രധാനമന്ത്രി വക ഒരു ക്ലീന്‍ ചിറ്റ് നല്കി. അത് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ ഏറ്റവും ഗുരുതരമായ പ്രസ്താവനകളിലൊന്നായിരുന്നെന്നു മോദിയുടേത്. അത് തന്റെ പദവിയുടെ പവിത്രത ഇല്ലാതാക്കിയ വലിയ നുണയായിരുന്നു. ഇന്ത്യയിലേക്കുള്ള ചൈനയുടെ നുഴഞ്ഞുകയറ്റം നിഷേധിക്കാനും അത് നിര്‍ബാധം തുടര്‍ന്ന് നടത്താനും ചൈനക്ക് അവസരമൊരുക്കിയെന്നും ജയ്റാം രമേശ് ആരോപിച്ചു.
അദാനി ചൈനയില്‍ നേരിട്ട് നിക്ഷേപം നടത്തുന്നത് സര്‍ക്കാര്‍ കണ്ടില്ലെന്നു നടിച്ചു. അടുത്ത കുറേ വര്‍ഷങ്ങളായി അദാനിയുടെ വിദേശ നിക്ഷേപം പലപ്പോഴും ദേശീയ താല്പര്യങ്ങള്ക്ക് വിരുദ്ധവും രാജ്യത്തിന്റെ മോശം അവസ്ഥക്ക് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്ക, കെനിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ അദാനിയുടെ വ്യവസായ താല്പര്യങ്ങള് എല്ലാം ഇന്ത്യയെ ഗുരുതരമായി ബാധിച്ചുവെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.