ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് കോടികളുടെ അഴിമതി ആരോപണം ഉയർന്ന അദാനി ഗ്രൂപ്പിനെക്കുറിച്ച് പാർലമെന്‍റിൽ ചർച്ച ചെയ്യണമെന്ന് രാഹുൽ ഗാന്ധി. ജനങ്ങൾക്ക് സത്യം അറിയേണ്ടതുണ്ട്. രാജ്യത്തിന്‍റെ അടിസ്ഥാനസൗകര്യങ്ങൾ തന്നെ ഒരു മനുഷ്യനാൽ അട്ടിമറിക്കപ്പെടുകയാണ്. ഭയം കൊണ്ടാണ് കേന്ദ്ര സർക്കാർ വിഷയം ചർച്ച ചെയ്യാത്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അദാനി ഗ്രൂപ്പിന് പിന്നിലുള്ള ശക്തികളാരെന്ന് നമുക്കറിയാം. ഭയം കൊണ്ടാണ് കേന്ദ്രസർക്കാർ ഈ വിഷയം ചർച്ച ചെയ്യാത്തത്. ഇക്കാര്യത്തില്‍ ചർച്ചകള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
അതേസമയം അദാനി വിഷയത്തില്‍ പാര്‍ലമെന്‍റിനകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. അദാനിക്കെതിരെ അന്വേഷണം വേണമെന്നും വിവാദത്തില്‍ വിശദമായ ചര്‍ച്ച നടത്തണമെന്നും പ്രതിപക്ഷം ആവശ്യമുയർത്തി. അദാനി സർക്കാർ ഷെയിം ഷെയിം മുദ്രാവാക്യങ്ങളും സഭയില്‍ മുഴങ്ങി. എന്നാല്‍ ചർച്ച ചെയ്യണമെന്ന ആവശ്യം ഇരു സഭാധ്യക്ഷന്മാരും തള്ളി. ബഹളം ശക്തമായതോടെ ലോക്സഭയും രാജ്യസഭയും രണ്ട് മണിവരെ നിര്‍ത്തിവെച്ചു. പാർലമെന്‍റിന് പുറത്തെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിലും പ്രതിപക്ഷം പ്രതിഷേധിച്ചു. വിഷയത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.